വരുന്ന ട്വന്റി20 ലോകകപ്പിന്റെ തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീംm ടൂർണമെന്റിലേക്ക് കടക്കുന്നതിനു മുമ്പ് രണ്ടു ട്വന്റി20 പരമ്പരകൾ കൂടി ഇന്ത്യക്ക് കാളിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഏഷ്യാകപ്പിലെ പരാജയം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട് എന്നതുറപ്പാണ്. അതിനാൽതന്നെ ലോകകപ്പിലേക്ക് പോകുമ്പോൾ ഒരുപാട് വിജയസാധ്യതയുള്ള ടീമായി ഇന്ത്യയെ കാണാനാവില്ല എന്നാണ് മുൻ ഇന്ത്യൻ പേസർ ആർ പി സിങ് പറയുന്നത്.
ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരങ്ങളിൽ വെറും ഒരു മത്സരത്തിൽ മാത്രമായിരുന്നു ഇന്ത്യ ജയിച്ചത്. അതിനാൽതന്നെ ഇന്ത്യ പുറത്താവുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് ആർ പി സിംഗ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. “ഏഷ്യാകപ്പിലെ പ്രകടനങ്ങൾ പരിശോധിച്ചാൽ ട്വന്റി20 ലോകകപ്പിലെ പ്രിയപ്പെട്ട ടീമായി ഇന്ത്യയെ കാണാനാവില്ല. ലോകകപ്പ് നേടണമെങ്കിൽ അവർ ടീമിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തേണ്ടതുണ്ട്. മാത്രമല്ല വരാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിൽ കൃത്യമായി 11-12 കളിക്കാരെ മാത്രം കളിപ്പിക്കണം. ഇനിയും നാം കളിക്കാരെ മാറ്റി പരീക്ഷിച്ചത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും.”-ആർ പി സിംഗ് പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ ടീമിൽ വരുത്തേണ്ട ചില മാറ്റങ്ങളെപ്പറ്റിയും ആർ പി സിംഗ് പറയുകയുണ്ടായി. “ഞാൻ തിരഞ്ഞെടുക്കുന്ന ബോളർ ഷാമിയാണ്. അതിനു കാരണം അയാൾക്ക് ലഭിക്കുന്ന പേസും ബൗൺസുമാണ്. ഷാമിയെ കൂടാതെ കുൽദീപ് യാദവിനും ഓസ്ട്രേലിയയിലെ ബൗൺസ് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. കെ എൽ രാഹുൽ പ്ലെയിങ് ഇലവനിൽ ഉണ്ടാകില്ല. എന്നാൽ തീർച്ചയായും സ്‌ക്വാഡിൽ ഉണ്ടാവും.”- ആർ പി സിംഗ് പറയുന്നു.
കഴിഞ്ഞ ഏഷ്യാകപ്പിലെ പ്രകടനങ്ങൾ കണക്കിലെടുത്താൽ മുഹമ്മദ് ഷാമിയെ പോലൊരു സ്പെഷലിസ്റ്റ് ബോളറുടെ അഭാവം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നു. കൂടാതെ പരിചയ സമ്പന്നതയും ഓസ്ട്രേലിയയിൽ ഒരു പ്രധാന ഘടകമാണ് എന്നതിനാൽ ഷാമി കൂടുതൽ ഗുണകരമാകും. എന്തായാലും ഇന്ത്യയുടെ അടുത്ത രണ്ട് പരമ്പരകളും ഷാമിക്ക് വളരെ നിർണായകമാണ്.