ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ആരുനേടും എന്ന ചോദ്യത്തിന് മുൻ ക്രിക്കറ്റർമാരടക്കം പലരും പറഞ്ഞ ഉത്തരം ഓസ്ട്രേലിയ എന്നായിരുന്നു. ഇതിന് കാരണമായി സൂചിപ്പിച്ചത് തങ്ങളുടെ നാട്ടിൽ ഓസ്ട്രേലിയക്കുള്ള മുൻതൂക്കം തന്നെയായിരുന്നു. എന്നാൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ഓസ്ട്രേലിയയെ തങ്ങളുടെ ആദ്യമത്സരത്തിൽ തന്നെ തൂക്കിയടിച്ചിരിക്കുകയാണ് ന്യൂസിലാൻഡ്. സൂപ്പർ പന്ത്രണ്ടിലെ ആദ്യ മത്സരത്തിൽ 89 റൺസ് എന്ന കൂറ്റൻ മാർജിനിലാണ് ന്യൂസിലാൻഡ് വിജയം കണ്ടത്.
സിഡ്നിയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയൻ കാണികളുടെ മുൻപിൽ വെച്ച് ന്യൂസിലാൻഡ് ഓപ്പണർമാർ സംഹാരമാടുന്ന കാഴ്ചയാണ് മത്സരത്തിൽ കാണാനായത്. ഫിൻ അലൻ ഓസ്ട്രേലിയയുടെ മുഴുവൻ ഫാസ്റ്റ് ബോളർമാരെയും അടിച്ചുതൂക്കി. 16 പന്തുകളിൽ അഞ്ചു ബൗണ്ടറികളും മൂന്ന് സിക്സറുകളുമടക്കം 42 റൺസായിരുന്നു അലൻ മത്സരത്തിൽ നേടിയത്. അലൻ പുറത്തായ ശേഷവും മറ്റൊരു ഓപ്പണറായ കോൺവെ അടിച്ചുതകർത്തു. ഇന്നിങ്സിലൂടനീളം വെടിക്കെട്ട് തുടർന്ന കോൺവെ 58 പന്തുകളിൽ 92 റൺസായിരുന്നു നേടിയത്. ഈ വെടിക്കെട്ടുകളുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറുകളിൽ ന്യൂസിലാൻഡ് നേടിയത് 200 റൺസ് ആയിരുന്നു.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമായിരുന്നില്ല ഓസ്ട്രേലിയക്ക് ലഭിച്ചത്. ഓപ്പണർ വാർണറെയും(5) ഫിഞ്ചിനെയും(13) ഓസ്ട്രേലിയക്ക് തുടക്കത്തിലെ തന്നെ നഷ്ടമായി. ശേഷം വന്നവരൊക്കെയും പെട്ടെന്ന് കൂടാരം കയറി. 20 പന്തുകളിൽ 28 റൺസ് എടുത്ത മാക്സ്വെൽ മാത്രമാണ് ഓസ്ട്രേലിയയ്ക്കായി അല്പമെങ്കിലും പിടിച്ചുനിന്നത്. മത്സരത്തിൽ 111 റൺസിന് ഓസ്ട്രേലിയയുടെ ഇന്നിങ്സ് അവസാനിച്ചു.
ന്യൂസിലാൻഡിനായി സൗത്തിയും സാന്റ്നറും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ബോൾട്ട് രണ്ട് വിക്കറ്റുകൾ വിഴ്ത്തി പ്രതിഭ കാട്ടി. 89 റൺസിന്റെ കൂറ്റൻ പരാജയം വലിയ തിരിച്ചെടി തന്നെയാണ് ഓസ്ട്രേലിയയ്ക്ക് നൽകിയിരിക്കുന്നത്. എന്തായാലും അടുത്ത മത്സരത്തിൽ ഓസ്ട്രേലിയ പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം.