കഴിഞ്ഞ ഏഷ്യാകപ്പിൽ ഇന്ത്യ കാണിച്ച ഏറ്റവും വലിയ തെറ്റ് റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ടീമിൽ ഉൾപ്പെടുത്തിയതായിരുന്നു. പന്ത് ഏഷ്യാകപ്പിൽ എല്ലാ മത്സരങ്ങളിലും മോശം ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചു. മറുവശത്ത് ദിനേശ് കാർത്തിക്കിന് അവസരങ്ങൾ ലഭിച്ചതുമില്ല. ഏഷ്യാകപ്പിൽ ആകെ ഒരു ബോളാണ് കാർത്തിക്ക് നേരിട്ടത്. പലതവണ അവസരം ലഭിച്ചിട്ടും മോശം ഫോം തുടരുന്ന പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്.
പ്രത്യേകിച്ച് സഞ്ജു സാംസണും ഇഷാൻ കിഷനും പോലുള്ള വിക്കറ്റ് കീപ്പർമാർ മികച്ച പ്രകടനങ്ങളുമായി നിൽക്കുമ്പോൾ മോശം പ്രകടനങ്ങൾക്കിടയിലും പന്തിനെ ഉൾപ്പെടുത്തിയത് നിർഭാഗ്യമാണ്. ഇതിനെതിരെ രൂക്ഷവിമർശനം അറിയിച്ചിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ. ഏഷ്യാകപ്പിൽ ആവർത്തിച്ച് അതേ തെറ്റ് തന്നെയാണ് ഇന്ത്യ ലോകകപ്പിലും ആവർത്തിക്കുന്നതേന്നാണ് കനേറിയയുടെ അഭിപ്രായം.
“ഇന്ത്യ വീണ്ടും ഏഷ്യാകപ്പിലെ തെറ്റുകൾ ആവർത്തിക്കുകയാണ്. ഓസ്ട്രേലിയയിൽ മികച്ച റെക്കോർഡ് ഉള്ളതുകൊണ്ട് മാത്രമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ പന്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ നിലവിൽ ട്വന്റി20 മത്സരങ്ങളിലെ പന്തിന്റെ ഫോം അത്ര മികച്ചതല്ല. “-കനേറിയ പറയുന്നു. “ദിനേഷ് കാർത്തിക്കിനെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത് നല്ല കാര്യമാണ്. പക്ഷേ കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ കാർത്തിക്ക് സ്ക്വാഡിൽ ഉണ്ടായിട്ട് കാര്യമില്ല.
അതിനുപകരം കൂടുതലായി ഒരു ബോളറെകൂടി ഇന്ത്യക്ക് ഉപയോഗിക്കാനാവും.”- കനേറിയ കൂട്ടിച്ചേർക്കുന്നു. 2022 ഏഷ്യാകപ്പ് സ്ക്വാഡിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത നിരയെയാണ് ലോകകപ്പിലേക്ക് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ജസ്പ്രിറ്റ് ബുമ്രയും ഹർഷൽ പട്ടേലും ഇന്ത്യൻ സ്‌ക്വാഡിലേക്ക് തിരിച്ചുവരികയും, രവി ബിഷണോയും ആവേഷ് ഖാനും പുറത്തു പോവുകയും ചെയ്തതാണ് സ്‌ക്വാഡിലെ പ്രധാന മാറ്റം.