വീണ്ടും ബാറ്റിംഗിൽ പരാജയപ്പെട്ട് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. കഴിഞ്ഞ പത്ത് ഇന്നിങ്സുകളിൽ ഒരുതവണ പോലും മികച്ച ബാറ്റിംഗ് പ്രകടനം ഇന്ത്യക്കായി കാഴ്ചവെക്കാത്ത പന്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്രയധികം മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പന്തിനെ ഇന്ത്യ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലും ബാറ്റിംഗിനിറക്കി. എന്നാൽ പന്ത് അവിടെയും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്.
മത്സരത്തിന്റെ നിർണായകമായ സമയത്തായിരുന്നു പന്ത് ബാറ്റിങ്ങിനിറങ്ങിയത്. ഇന്ത്യയ്ക്ക് ഓപ്പണർമാരായ ധവാനും ഗില്ലും മികച്ച തുടക്കമായിരുന്നു മത്സരത്തിൽ നൽകിയത്. എന്നാൽ ഇരുവരും ചെറിയ സമയത്തിനുള്ളിൽ കൂടാരം കയറി. അങ്ങനെ ഇന്ത്യ 124ന് 2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് പന്ത് ക്രീസിലെത്തിയത്. മത്സരത്തിൽ ഒരുതരത്തിലും താളം കണ്ടെത്താൻ പന്തിന് സാധിച്ചില്ല. ന്യൂസിലാൻഡിന്റെ പേസ് ബോളർമാരുടെ മുൻപിൽ പന്ത് തീർത്തും പരാജയപ്പെടുന്നത് മത്സരത്തിൽ കണ്ടു.
ശ്രേയസ് അയ്യർക്കൊപ്പം നാലാം വിക്കറ്റിൽ മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുന്നതിൽ പന്ത് പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 23 ബോളുകളിൽ വെറും 15 റൺസ് മാത്രമാണ് പന്ത് നേടിയത്. ഭാഗ്യവശാൽ ലഭിച്ച രണ്ട് ബൗണ്ടറുകളാണ് പന്തിനെ രണ്ടക്കം കാണിച്ചത്. അവസാനം ലോക്കി ഫെർഗ്യൂസന്റെ ബോളിൽ പന്തിന്റെ കുറ്റിതെറിച്ചു. സമീപസമയങ്ങളിൽ പന്തിന്റെ കാര്യത്തിൽ ഈ കഥ ആവർത്തിക്കുകയാണ്.
കഴിഞ്ഞ മത്സരങ്ങളിലൊക്കെയും പന്ത് ഇതേ രീതിയിൽ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ പതിമൂന്ന് ഇന്നിങ്സുകളിൽ ഒരിക്കൽ പോലും 50 റൺസ് പിന്നിടാൻ പന്തിന് സാധിച്ചില്ല. എന്നിരുന്നാലും ഇന്ത്യ പന്തിന് വീണ്ടും അവസരങ്ങൾ നൽകുകയാണ്.