ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ജോബർഗ്. ഈ വർഷം ആരംഭിക്കുന്ന CSA ട്വന്റി20 ലീഗിലെ ജോബർഗ് ടീമിന്റെ റിക്രൂട്ട്മെന്റ് പുറത്തുവിട്ടിരിക്കുകയാണ് ടീം മാനേജ്മെന്റ്. നേരത്തെതന്നെ ചെന്നൈയുടെ വിശ്വസ്തനായ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസ്സിയെ ജോബർഗ് ടീമിൽ എത്തിച്ചിരുന്നു. 3.75 ലക്ഷം ഡോളറിനാണ് ജോബർഗ് ഡുപ്ലെസിയെ സ്വന്തമാക്കിയത്. ഡുപ്ലെസിയാവും ടൂർണമെന്റിൽ ജോബർഗിനെ നയിക്കുക.
നിയമപ്രകാരം ടൂർണമെന്റിലെ 6 ഫ്രാഞ്ചസികൾക്കും ലേലത്തിനു മുമ്പ് അഞ്ച് കളിക്കാരെ ടീമിലെത്തിക്കാൻ സാധിക്കും. ഇതിലൊരാൾ അൺക്യാപ്പ്ഡ് കളിക്കാരൻ ആയിരിക്കണം. ആദ്യ റിക്രൂട്ട്മെന്റായി രണ്ട് കളിക്കാരെ കൂടി ജോബർഗ് ടീമിൽ ചേർക്കുകയുണ്ടായി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളായ മൊയിൻ അലിയും മഹേഷ് തീക്ഷണയുമാണ് ടീമിൽ ഉൾപ്പെടുത്തിയ അടുത്ത രണ്ടുപേർ. മോയിൻ അലിയെ നാല് ലക്ഷം ഡോളറിനും തീക്ഷണയെ രണ്ടുലക്ഷം ഡോളറിനുമാണ് ടീമിലെത്തിച്ചത്.
ഇവരെക്കൂടാതെ പുതിയ രണ്ട് കളിക്കാരെ കൂടെ ടീമിൽ ഉൾപ്പെടുത്തി തങ്ങളുടെ വിൻഡോ ക്ലോസ് ചെയ്തിരിക്കുകയാണ് ജോബർഗ് ഇപ്പോൾ. വിൻഡിസ് ഓൾറൗണ്ടറായ റൊമാരിയോ ഷെപ്പേഡിനെ 1.75 ലക്ഷം ഡോളറിനും, അൺക്യാപ്പ്ഡ് കളിക്കാരനായ ജെറാൾഡ് കോഏറ്റ്സിയെ അൻപതിനായിരം ഡോളറിനുമാണ് ജോബർഗ് സ്വന്തമാക്കിയിരിക്കുന്നത്. 17 കളിക്കാരടങ്ങുന്ന ടീം രൂപീകരിക്കാൻ, രണ്ടു മില്യൺ ഡോളറാണ് എല്ലാ ടീമുകൾക്കും ടൂർണമെന്റിൽ അനുവദിച്ചിരിക്കുന്നത്.
നിലവിലെ ചെന്നൈ ടീം ഹെഡ് കോച്ചായ സ്റ്റീഫൻ ഫ്ലമിങാണ് ജോബർഗ് ടീമിന്റെയും പരിശീലകൻ. അതോടൊപ്പം എറിക് സിമൺസിനെ അസിസ്റ്റന്റായും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ചെന്നൈ കളിക്കാരനായ ആൽബി മോർക്കലിനെയും ടീമിന്റെ കോച്ചിംഗ് സ്റ്റാഫ് ആക്കാൻ ശ്രമിക്കുന്നുണ്ട് ഫ്രാഞ്ചൈസി.