ഇന്ത്യൻ ടീമിന് ഏഷ്യാകപ്പിൽ കിട്ടിയ ഒരു തിരിച്ചടി തന്നെയായിരുന്നു ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്ക്. ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും നിർണായക സാന്നിധ്യമായിരുന്ന ജഡേജയെ മൂന്നാം മത്സരത്തിന് മുമ്പ് പരിക്ക് പിടികൂടുകയായിരുന്നു. പിന്നീട് ജഡേജയ്ക്ക് പകരം മറ്റൊരു ഇടങ്കയ്യൻ ഓൾറൗണ്ടറായ അക്ഷർ പാട്ടേലിനെ ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ ഈ തീരുമാനം പൂർണമായും തെറ്റായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം സാബ കരീം ഇപ്പോൾ പറയുന്നത്.
ജഡേജയ്ക്ക് പകരം ഇന്ത്യ ദീപക് ചാഹറിനെയിരുന്നു സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത് എന്നാണ് സാബാ കരീം പറയുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യക്കൊരു ബാക്കപ്പ് സീമർ ആയേനെ എന്ന് കരീം സൂചിപ്പിക്കുന്നു. “ആദ്യ രണ്ടുമത്സരങ്ങളിലും സീം ബോളർമാർ തന്നെയാണ് നിർണായകമായത്. അതിനാൽ തന്നെ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ തിരഞ്ഞെടുക്കുമ്പോൾ ദീപക് ചാഹറിനെ ഇന്ത്യ പരിഗണിക്കേണ്ടിയിരിക്കുന്നു. കാരണം മുൻ മത്സരങ്ങളിൽ ഇന്ത്യ 3 സീമർമാരെ കളിപ്പിച്ചിരുന്നു. മാത്രമല്ല നമുക്ക് സ്ക്വാഡിൽ മൂന്ന് സ്പിന്നർമാരുണ്ട്.
എന്നിട്ടും അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തി. അതുകൊണ്ടുതന്നെ വലിയ ആലോചനയില്ലാതെയാണ് സെലക്ടർമാർ ഈ തീരുമാനം എടുത്തത് എന്ന് പറയേണ്ടിവരും.” സാബാ കരീം പറയുന്നു. ഇതേ വാക്കുകൾ തന്നെയാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമയും മുൻപ് പറഞ്ഞിരുന്നത്. “അക്ഷർ പട്ടേലിന് പകരം ഇന്ത്യ ദീപക് ചാഹറിനെ ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. ചാഹർ ട്വന്റി20യിലെ ഒരു സ്പെഷലിസ്റ്റ് വിക്കറ്റ് ടെക്കർ ആണ്.
കൂടാതെ ബോൾ സ്വിങ് ചെയ്യിക്കാനും മത്സരത്തിന്റെ ആദ്യ ഓവറുകളിൽ തന്നെ വിക്കറ്റ് വീഴ്ത്താനുമുള്ള കഴിവുണ്ട്. ഒരുപക്ഷേ ചാഹർ ഉണ്ടായിരുന്നെങ്കിൽ പാകിസ്ഥാൻ കഴിഞ്ഞ മത്സരത്തിൽ വിജയിക്കുമായിരുന്നില്ല.” – രാജ്കുമാർ ശർമ പറഞ്ഞു. അക്ഷർ പട്ടേലിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിച്ചിരുന്നില്ല. പകരം ദീപക് ഹൂഡയെയാണ് ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്. പക്ഷേ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന് പരാജയം ഏറ്റുവാങ്ങുകയാണ് ഉണ്ടായത്.