ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയാണ് അക്ഷർ പട്ടേൽ കാഴ്ചവച്ചത്. മത്സരത്തിൽ ആകെ അഞ്ച് വിക്കറ്റുകൾ അക്ഷർ നേടുകയുണ്ടായി. രണ്ടാം ഇന്നിങ്സിൽ 77 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റുകളാണ് അക്ഷർ നേടിയത്. ഇന്ത്യയെ സംബന്ധിച്ച് അക്ഷർ പട്ടേലിലും രവീന്ദ്ര ജഡേജയിലും നിന്ന് ഒരാളെ ടീമിൽ എടുക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് മുൻ ഇന്ത്യൻ തരം അജയ് ജഡേജ പറയുന്നു.
നിലവിൽ പരിക്കിന്റെ പിടിയിലാണ് ജഡേജ. എന്നാൽ ജഡേജക്ക് പകരക്കാരനായി വന്ന അക്ഷർ ടീമിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. “എല്ലാവരും നന്നായി കളിക്കുന്നുണ്ട്. സത്യത്തിൽ അക്ഷർ പട്ടേലിന്റെ റെക്കോർഡാണ് മികച്ചത്. ഇന്ത്യയിൽ കളിക്കുമ്പോൾ അയാൾ നന്നായി കളിച്ചിട്ടുണ്ട്. ഇപ്പോൾ വിദേശ പിച്ചിൽ ലഭിച്ച അവസരവും നന്നായി ഉപയോഗിക്കുന്നു. ഇന്ത്യയിൽ 12 മാത്രമാണ് അക്ഷർ പട്ടേലിന്റെ ശരാശരി. അശ്വിനുപോലും അത്ര മികച്ച ശരാശരിയില്ല.”- അജയ് ജഡേജ പറയുന്നു.
“ഈ രണ്ടു പേരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുക എന്നത് വളരെയേറെ പ്രയാസകരമാണ്. രണ്ടുപേരും ഇടങ്കയ്യൻ സ്പിന്നർമാരാണ്. കഴിവിന്റെ കാര്യത്തിലും വ്യത്യസ്തരല്ല. ഇരുവരും മൈതാനത്ത് ബാറ്റർമാരെ കുഴപ്പിക്കാറുണ്ട്. പിച്ചിൽ നിന്ന് സഹായം ലഭിക്കുമ്പോൾ ഇവർ രണ്ടുപേരെക്കാളും അപകടകാരികളായി മറ്റ് കളിക്കാറില്ല. എന്നാൽ പിച്ചിൽ നിന്ന് പിന്തുണ ലഭിക്കാത്ത അവസരങ്ങളിൽ ആരാണ് മികച്ചത് എന്ന് നാം കണ്ടെത്തണം.”- ജഡേജ പറയുന്നു.
അക്ഷർ പട്ടേൽ ഇതുവരെ ഇന്ത്യക്കായി ഏഴ് ടെസ്റ്റുകളിൽ നിന്ന് 44 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 13 ആണ് അക്ഷറിന്റെ ശരാശരി. ഇന്ത്യയിൽ 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകൾ അക്ഷർ പിഴുതെറിഞ്ഞിട്ടുണ്ട്.