ഇന്ത്യയുടെ വെടിക്കെട്ട് ഓൾറൗണ്ടര്‍ രവീന്ദ്ര ജഡേജയും അദ്ദേഹത്തിൻറെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെന്ന് റൂമറുകള്‍ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അനുദിനം ജഡേജയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ ഈ കാര്യത്തിന് ചൂടേറാൻ കാരണവുമായിട്ടുണ്ട്. ഇപ്പോൾ ജഡേജ തന്റെ ഒരു പ്രധാന കമൻറ് ഡിലീറ്റ് ചെയ്തു കൊണ്ട് ചെന്നൈയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
2022 ഫെബ്രുവരി 4ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒഫീഷ്യൽ അക്കൗണ്ടിൽ നിന്ന് ജഡേജക്ക് ഒരു ആശംസാവാചകം ലഭിച്ചിരുന്നു. ടീമിൻറെയൊപ്പം 10 വർഷം സഞ്ചരിച്ച ജഡേജയ്ക്ക് ആശംസകൾ അറിയിച്ചായിരുന്നു ആ ട്വീറ്റ് എത്തിയത്. ”10 Years Of Super Jaddu” എന്നായിരുന്നു ആ പോസ്റ്റിന്റെ ശീർഷകം. ഇതിന് ജഡേജ മറുപടിയിട്ടത് ഇങ്ങനെയായിരുന്നു. – ”10 More To Go”. താൻ ഇനിയും പത്തുവർഷം ടീമിനൊപ്പമുണ്ടാകും എന്ന് എഴുതിയ ഈ കമൻറ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
എന്നാൽ ഇപ്പോൾ ഈ കമൻറ് ജഡേജ തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഈ പ്രക്രിയ സൂചിപ്പിക്കുന്നത് ജഡേജയും ചെന്നൈ ടീമും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണെന്ന് വ്യക്തമാണ്. കഴിഞ്ഞ രണ്ടു വർഷത്തെ ചെന്നൈയുമായി ബന്ധപ്പെട്ട് മുഴുവൻ ട്വീറ്റുകളും ജഡേജ തൻറെ ട്വിറ്ററില്‍ നിന്ന് മുൻപ് ഡിലീറ്റ് ചെയ്തിരുന്നു. ചെന്നൈയുമായുള്ള പ്രശ്നത്തെപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്.
താൻ ഇപ്പോൾ ഇന്ത്യക്ക് വേണ്ടിയുള്ള പ്രകടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് ജഡേജ പറയുകയുണ്ടായി. എന്തായാലും ചെന്നൈ ക്യാപ്റ്റനായിരുന്ന ജഡേജയെ ആ സ്ഥാനത്തുനിന്ന് മാറ്റിയതിനുശേഷം ഒരുപാട് അഭിപ്രായഭിന്നതകൾ ചെന്നൈ മാനേജ്മെൻറിനും ജഡേജയ്ക്കുമിടയിലുണ്ടെന്ന് വ്യക്തമാണ്. വരാൻ പോകുന്ന വർഷങ്ങൾ ജഡേജ ചെന്നൈക്കൊപ്പമുണ്ടാവില്ല എന്ന സൂചനകൾ കൂടിയാണ് ഈ കാര്യങ്ങളിലൂടെ വ്യക്തമാവുന്നത്.