ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിലെ ഏറ്റവും വലിയ ആകർഷണീയത മുൻ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ മടങ്ങിവരവ് തന്നെയാണ്. കുറച്ചധികം നാളുകളായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന കോഹ്ലി ഏഷ്യാകപ്പിൽ ഏതുവിധത്തിലാവും കളിക്കുക എന്നത് പലരുടെയും ഉള്ളിൽ ഉള്ള സംശയമാണ്. വിൻഡിസ് പര്യടനത്തിൽ കോഹ്ലിയ്ക്കു പൂർണമായും വിശ്രമം അനുവദിച്ചിരുന്നതിനാൽ കോഹ്ലിയുടെ തിരിച്ചുവരവ് ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
എന്നാൽ യാതൊരുവിധ സമ്മർദ്ദങ്ങളില്ലാതെ വിരാട് കോഹ്‌ലിയ്ക്ക് ഈ ഏഷ്യകപ്പിൽ കളിക്കാനാവും എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര പറയുന്നത്. ഇന്ത്യൻ ബാറ്റിങ്ങിലെ പുതിയ ആക്രമണോത്സുക സ്വഭാവം വിരാട് കോഹ്ലിക്ക് ഫോമിലേക്ക് തിരിച്ചെത്താൻ സഹായകരമാകുമെന്നാണ് ചോപ്ര വിശ്വസിക്കുന്നത്. ” കോഹ്ലി 40 റൺസോ 70 റൺസോ എടുക്കണം എന്നത് ഇന്ത്യയ്ക്ക് ഇപ്പോഴൊരു പ്രശ്നമല്ല.
കാരണം ഓരോരുത്തർക്കും കൃത്യമായ റോൾ നിശ്ചയിച്ചിട്ടുണ്ട്. ഏത് പോസിഷനിലാണ് കളിക്കുന്നതെന്ന് നോക്കാതെ തനതായ ശൈലി പുറത്തെടുക്കാൻ കോഹ്ലിയ്ക്കു സാധിക്കണം. അങ്ങനെയെങ്കിൽ കോഹ്ലിയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.” -ചോപ്ര പറയുന്നു. “ഇത് കോഹ്ലിക്ക് പറ്റി അവസരമാണ്. ഇപ്പോൾ ഇന്ത്യ കളിക്കുന്ന രീതി വച്ച്, ടീം ഒരിക്കലും കോഹ്ലി 70ഓ 100ഓ നേടുമെന്നോ ഇന്നിങ്സ് ഫിനിഷ് ചെയ്യുമെന്നോ പ്രതീക്ഷിക്കുന്നില്ല.
അയാൾ അയാളുടേതായ രീതിയിൽ കളിക്കും എന്നാണ് കരുതുന്നത്” – ചോപ്ര കൂട്ടിച്ചേർത്തു. ഒപ്പം ഇന്ത്യൻ ബാറ്റിംഗ് നിര വളരെ ശക്തമാണെന്നും അത് സ്ഥിരത കണ്ടെത്താൻ ഇന്ത്യയെ സഹായിക്കുമെന്നും ചോപ്ര പ്രതീക്ഷിക്കുന്നു. എന്തായാലും ഇന്ത്യയുടെ അറ്റാക്കിങ് ബാറ്റിംഗ് മനോഭാവത്തെ പിന്തുണയ്ക്കുന്ന മറ്റൊരു ക്രിക്കറ്റ് കൂടിയാണ് ആകാശ് ചോപ്ര.