ഇത് സഞ്ജുവിന്റെ 2.0 വേർഷൻ ഇനിയവനെ പിടിച്ചാൽ കിട്ടില്ല : അശ്വിൻ

   

2022 ട്വന്റി20 ലോകകപ്പിന്റെ സ്ക്വാഡിൽ നിന്ന് അവഗണിക്കപ്പെട്ടതിനുശേഷം തനിക്ക് ലഭിച്ച അവസരങ്ങൾ വളരെ മികച്ച രീതിയിൽ തന്നെയാണ് സഞ്ജു സാംസൺ ഉപയോഗിച്ചത്. ഇന്ത്യ എ ടീമിന് വേണ്ടി ബാറ്റിങ്ങിലും നായകത്വത്തിലും സഞ്ജു മികവ് കാട്ടി. അതിന്റെ ബാക്കിയെന്നോളം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജു അടിച്ചുതകർക്കുന്ന കാഴ്ചയാണ് കണ്ടത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 86 നേടിയ സഞ്ജു രണ്ടാം മത്സരത്തിലും സാഹചര്യത്തിനനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. ഇതിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ്.

   

സഞ്ജു സാംസന്റെ പ്രകടനങ്ങൾ ഇന്ത്യൻ ടീം കാണാനിരിക്കുന്നതേയുള്ളൂ എന്ന പക്ഷത്താണ് അശ്വിൻ. തന്റെ കരിയറിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജു കൂടുതൽ മികവുകാട്ടുമെന്ന് രവിചന്ദ്രൻ അശ്വിൻ വിശ്വസിക്കുന്നു. “ഞാൻ വിശ്വസിക്കുന്നത് ഈ പരമ്പര സഞ്ജുവിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നാണ്. സഞ്ജു മികച്ച കളിക്കാരനും വളരെ നല്ല സ്വഭാവമുള്ളവനുമാണ്. വളരെ ശാന്തമായ ഒരു പ്രകൃതമാണ് സഞ്ജുവിന്റേത്. മാത്രമല്ല അയാൾ സാധാരണ ബാറ്റർമാരെക്കാളും മികവുള്ള ക്രിക്കറ്ററുമാണ്. ഇതൊക്കെ എല്ലാവർക്കും വളരെ നന്നായി അറിയാം.”- അശ്വിൻ പറഞ്ഞു.

   

“മത്സരത്തെ കൃത്യമായി നിയന്ത്രിക്കാൻ സഞ്ജു സാംസണ് കഴിവുണ്ട്. അയാൾക്ക് പെട്ടെന്ന് മത്സരം കൈപീടിയിലൊതുക്കാൻ സാധിക്കും. ഇത് സഞ്ജു സാംസന്റെ 2.0 വേർഷനാണ്. ഇവിടെ നിന്ന് മികച്ച രീതിയിലാവും അവൻ തുടരുക”- അശ്വിൻ കൂട്ടിച്ചേർക്കുന്നു.

   

ഈ വർഷത്തെ മത്സരങ്ങളിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവച്ചിട്ടുള്ളത്. ഇന്ത്യയുടെ എയുടെ ന്യൂസിലാൻഡ് എ ടീമിനെതിരായ പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയ കളിക്കാരനായി സഞ്ജു മാറിയിരുന്നു. പരമ്പരയിൽ 60 റൺസ് ശരാശരിയിൽ 120 റൺസാണ് സഞ്ജു നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *