ഇന്ത്യയുടെ സിംബാബ്വെക്കെതിരായ അവസാന സൂപ്പർ പന്ത്രണ്ട് മത്സരത്തിൽ വമ്പൻ ബാറ്റിംഗ് തന്നെയായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവച്ചിരുന്നത്. ഇന്ത്യക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്ന സമയത്ത് ക്രീസിലെത്തിയ സൂര്യകുമാർ അവസാന ഓവറുകളിൽ വമ്പൻ ബാറ്റിംഗ് തന്നെ കാഴ്ചവച്ചു. മത്സരത്തിൽ 25 പന്തുകളിൽ 61 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. സൂര്യയുടെ ഈ ഇന്നിങ്സിനെ പ്രശംസിച്ചു സംസാരിക്കുകയാണ് ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് ഇപ്പോൾ.
അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങളെക്കുറിച്ചായിരുന്നു ദ്രാവിഡ് സംസാരിച്ചത്. “സൂര്യ ഒരു അവിസ്മരണീയമായ ബാറ്ററാണ്. ട്വന്റി 20യിൽ സ്ഥിരതയോടെ കളിക്കുന്നതിനാൽ തന്നെയാണ് ലോക ട്വന്റി20 റാങ്കിങ്ങിൽ സൂര്യ ഒന്നാംസ്ഥാനത്ത് നിലനിൽക്കുന്നതും. അയാൾ തുടർന്നു പോകുന്ന സ്ട്രൈക്ക് റേറ്റിൽ ഇത്രയും സ്ഥിരതപുലർത്തുക എന്നത് അനായാസ കാര്യമല്ല.
വളരെ മികച്ച രീതിയിലാണ് അയാൾ കളിക്കുന്നത്. അയാളുടെ തന്ത്രങ്ങളും ഭാവിയുമൊക്കെ അയാൾക്ക് വളരെയേറെ വ്യക്തമാണ്.”- ദ്രാവിഡ് പറയുന്നു. ഇതോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ സൂര്യകുമാർ നടത്തിയ കഠിനപ്രയത്നങ്ങളെപ്പറ്റിയും രാഹുൽ ദ്രാവിഡ് പറയുകയുണ്ടായി. “സൂര്യ നന്നായി പ്രയത്നിച്ചു. ഒരുപാട് സമയങ്ങൾ സൂര്യ നെറ്റ്സിൽ ചെലവഴിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞാൻ സൂര്യയെ കാണുന്നതാണ്. അയാൾ വളരെ സൂക്ഷ്മതയോടെ തന്നെയാണ് തന്റെ ശരീരത്തെയും ഫിറ്റ്നസിനെയും പരിപാലിക്കുന്നത്.”- ദ്രാവിഡ് കൂട്ടിച്ചേർത്തു.
ഇങ്ങനെ മികച്ച പരിശീലനങ്ങൾ തുടങ്ങുന്നതിന്റെ പ്രതിഫലമാണ് സൂര്യകുമാർ യാദവിന് ഇപ്പോൾ ലഭിക്കുന്നത് എന്ന് ദ്രാവിഡ് പറയുന്നു. നിലവിൽ ഈ വർഷം ഇന്ത്യക്കായി 1000 ട്വന്റി20 റൺസ് നേടിയ ഏക ക്രിക്കറ്ററാണ് സൂര്യകുമാർ.