ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ചേതേശ്വർ പൂജാരയുടെ ഇന്നിംഗ്സാണ് എടുത്തു പറയാനുള്ളത്. തുടക്കത്തിൽ വലിയ തകർച്ചയിലേക്ക് പോയ ഇന്ത്യൻ ടീമിനെ പക്വതയാർന്ന ഇന്നിങ്സിലൂടെ പൂജാര കൈപിടിച്ചു കയറ്റുകയായിരുന്നു. ഇന്നിംഗ്സിൽ 203 പന്തുകൾ നേരിട്ട് പൂജാര 90 റൺസാണ് നേടിയത്. ഇതിൽ 11 ബൗണ്ടറികൾ ഉൾപ്പെട്ടു. എന്നാൽ ഇത്തരം മികവാർന്ന പ്രകടനം കാഴ്ചവച്ചിട്ടും പൂജാരക്ക് സെഞ്ച്വറി നേടാൻ സാധിക്കാതെ പോയത് നിരാശയുണ്ടാക്കി. മത്സരശേഷം ഇതേപ്പറ്റി പൂജാര സംസാരിക്കുകയുണ്ടായി.
സെഞ്ച്വറിയെക്കാൾ താൻ പ്രാധാന്യം നൽകിയത് ടീമിനെ രക്ഷിക്കാനാണ് എന്നാണ് പൂജാര മത്സരശേഷം പറഞ്ഞത്. “ദുർഘടമായ പിച്ചിലാണ് ഞാൻ ബാറ്റ് ചെയ്തത്. ഒട്ടും അനായാസമായിരുന്നില്ല. ഇന്ന് ബാറ്റ് ചെയ്ത രീതിയിൽ ഞാൻ വളരെ സന്തോഷവാനുമാണ്. ചില സമയങ്ങളിൽ നമ്മൾ സെഞ്ചുറികളിലാണ് പൂർണമായ ശ്രദ്ധ നൽകുന്നത്. എന്നാൽ പ്രധാനപ്പെട്ട കാര്യം ഇത്തരം കായികങ്ങളിൽ ടീമിനെ മികച്ച പൊസിഷനിൽ എത്തിക്കാനാണ് ശ്രമിക്കേണ്ടത് എന്നുള്ളതാണ്. മത്സരത്തിൽ വിജയിക്കുന്നതിനാണ് പ്രാധാന്യം.”- പുജാര പറയുന്നു.
“സെഞ്ച്വറി നേടുക എന്നത് ആവശ്യം തന്നെയാണ്. എന്നാൽ ഇന്ന് ഞാൻ ബാറ്റ് ചെയ്ത രീതി വെച്ച് ആ 90 റൺസ് ടീമിന് വളരെ നിർണായകം തന്നെയായിരുന്നു. അതിനാൽതന്നെ ആ 10 റൺസ് കൂടെ നേടുന്നതിലല്ല കാര്യം. ഞാൻ പുറത്തായത് മികച്ച ഒരു ബോളിലായിരുന്നു. അതിൽ എനിക്കൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല.”- പൂജാര കൂട്ടിചേർക്കുന്നു.
ഇന്ത്യൻ ഇന്നിങ്സിന്റെ 85ആം ഓവറിലായിരുന്നു പൂജാര പുറത്തായത്. തൈജളിന്റെ ബോൾ പ്രതിരോധിക്കാൻ ശ്രമിച്ച പൂജാരയെ പിച്ചിലെ ടേൺ കുഴയ്ക്കുകയായിരുന്നു. എന്നിരുന്നാലും ടീമിന്റെ ദൃഷ്ടിയിൽ വളരെ പ്രാധാന്യമുള്ള ഇന്നിങ്സ് തന്നെയാണ് പൂജാര കാഴ്ചവെച്ചത്.