ലോകക്രിക്കറ്റ് മുഴുവനും ഉറ്റുനോക്കുന്ന ദിവസമാണ് എത്തിച്ചേർന്നിരിക്കുന്നത്. എന്നെന്നും ബദ്ധശത്രുക്കളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏഷ്യാകപ്പിൽ ഏറ്റുമുട്ടുന്നു. ഇരുടീമുകളിലും ഒരുപാട് യുവതാരങ്ങൾ അണിനിരക്കുമ്പോൾ മത്സരം മുറുകും എന്നതുറപ്പാണ്. പാക് സ്പിന്നർ ഷദാബ് ഖാനും ഇന്ത്യൻ വെടിക്കെട്ട് ഓൾറൗണ്ടർ ഹർദിക് പാണ്ട്യയും തമ്മിലുള്ള പോരാട്ടം ഇന്ത്യ-പാക് മത്സരത്തിൽ ഒരു പ്രധാന വഴിത്തിരിവാകുമെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. ലെഗ് സ്പിന്നർമാരെ അടിച്ചുതൂക്കാനുള്ള ഹർദിക്കിന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് മഞ്ജരേക്കർ.
“ഹർദിക് പാണ്ഡ്യ പേസ് ബൗളിങ്ങിനെതിരെ അത്ര വലിയ കളിക്കാരല്ല. പ്രത്യേകിച്ച് ബോൾ ബാറ്റിലേക്ക് വരുമ്പോൾ. എന്നാൽ സ്പിന്നിനെതിരെ അയാൾ തീയാണ്. എനിക്ക് തോന്നുന്നത് അവന് നന്നായി ലെഗ് സ്പിന്നർമാരെ മനസ്സിലാക്കാനാകും എന്നാണ്. അതിനാൽ ഷദാബ് ഖാൻ ഒരു പ്രശ്നമല്ല. “- മഞ്ജരേക്കർ പറയുന്നു.
“ഇപ്പോൾ ഷദാബ് ഖാനും വളരെയധികം പരിചയസമ്പത്തുള്ള ബോളറാണ്. എന്നിരുന്നാലും ഇരുവരും തമ്മിലുള്ള പോരാട്ടത്തിൽ ഹർദിക്കിന് തന്നെയാണ് മേൽക്കോയ്മ. അതിനാൽതന്നെ ഷദബ് ഖാൻ മികച്ച ബോളറാണെന്നിരിക്കെതന്നെ ഹർദിക് പാണ്ട്യയ്ക്ക് അയാളെ അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.” – മഞ്ജരെക്കർ കൂട്ടിച്ചേർക്കുന്നു.
നിലവിൽ മികച്ച റെക്കോർഡാണ് ഷദാബ് ഖാനെതിരെ ഹർദിക് പാണ്ഡ്യയ്ക്ക് ഉള്ളത്. ഇതുവരെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 22 പന്തുകളിൽ നിന്ന് 46 റൺസാണ് ഹർദിക് നേടിയത്. ഒരു തവണപോലും ഹാർദിക്കിന്റെ വിക്കറ്റ് വീഴ്ത്താൻ ഷദാബിന് സാധിച്ചിട്ടുമില്ല. അതോടൊപ്പം പാണ്ട്യയ്ക്ക് പാകിസ്ഥാനെതിരെയുള്ള വമ്പൻ റെക്കോർഡുകൾ കൂടി കണക്കിലെടുക്കുമ്പോൾ അദ്ദേഹം തന്നെയാവും ഈ മത്സരത്തിൽ വിധിയെഴുതുക.