ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികവാർന്ന നക്ഷത്രങ്ങളിൽ ഒന്നാണ് ബാറ്റർ റോബിൻ ഉത്തപ്പ. 2006ൽ ഇന്ത്യക്കായി ദേശീയ ടീമിൽ അരങ്ങേറിയ ഉത്തപ്പ തന്റെ ഷോട്ടുകളിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട ക്രിക്കറ്ററായിരുന്നു. ക്രീസിൽ നിന്ന് നടന്ന് മുൻപിലേക്ക് കയറി ലോകം കണ്ട ഫാസ്റ്റ് ബോളർമാരെ തല്ലിതകർക്കുന്നത് ഉത്തപ്പയുടെ ശീലമായിരുന്നു. ഒപ്പം 2007ലെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയ് ടീമിലെ സാന്നിധ്യവുമായിരുന്നു ഉത്തപ്പ. തനിക്ക് ധോണിയുമായുള്ള ബന്ധത്തെ പറ്റി ഒരിക്കൽ ഉത്തപ്പ സംസാരിക്കുകയുണ്ടായി.
2006 മുതൽ 2012 വരെ ധോണി എന്ന നായകന്റെ കീഴിൽ ഇന്ത്യക്കായി 47 മത്സരങ്ങൾ ഉത്തപ്പ കളിച്ചിരുന്നു. ശേഷം 2020ൽ ചെന്നൈ ടീം ഉത്തപ്പയെ സ്വന്തമാക്കുകയും, വീണ്ടും ധോണിയുടെ കീഴിൽ ബാറ്റേന്താൻ അവസരം ലഭിക്കുകയും ചെയ്തു. അന്നത്തെ തന്റെ അവസ്ഥയെപ്പറ്റി ഉത്തപ്പ ഇങ്ങനെ പറയുന്നു. “ധോണിയെ എനിക്ക് മഹി ഭായി എന്ന് വിളിക്കാൻ പ്രയാസമായിരുന്നു. കാരണം ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്ന ആദ്യ സമയത്ത് അദ്ദേഹത്തെ എംഎസ് എന്നും മഹി എന്നുമാണ് എല്ലാവരും വിളിച്ചിരുന്നത്. ശേഷം 2020ല് ചെന്നൈയിലെത്തിയപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു ‘ഞാൻ എന്താണ് താങ്കളെ വിളിക്കേണ്ടത് എന്ന് എനിക്കറിയില്ല.
ഞാൻ മഹി ഭായ് എന്ന് വിളിക്കട്ടെ? അങ്ങനെയാണല്ലോ എല്ലാവരും വിളിക്കുന്നത്.’ എന്നാൽ ധോണി മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. ‘എംഎസ് എന്നോ മഹി എന്നോ അങ്ങനെ താങ്കൾക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ’ “- റോബിൻ ഉത്തപ്പ പറഞ്ഞു. ധോണി അത്രമാത്രം ലാളിത്യമുള്ള ക്രിക്കറ്ററാണെന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്. അയാൾ എത്ര നല്ല മനുഷ്യത്വമുള്ളവനാണെന്ന് ധോണിയുടെ ഈ സംസാരത്തിൽ നിന്ന് വ്യക്തമാണെന്നും ഉത്തപ്പ പറയുന്നു.
“ക്രിക്കറ്റിൽ മാത്രമായിരുന്നില്ല ഞങ്ങൾക്ക് ബന്ധം ഉണ്ടായിരുന്നത്. മൈതാനത്തിന് പുറത്തും ഞങ്ങൾ നല്ല ബന്ധം പുലർത്തി. എനിക്ക് മകൾ ഉണ്ടായപ്പോൾ ധോണിക്ക് ഞാൻ ചിത്രം അയച്ചുകൊടുത്തു. ‘അവൾ നിന്നെപ്പോലെ തന്നെയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റിനപ്പുറം തന്നെയായിരുന്നു ഞങ്ങളുടെ ബന്ധം.”- ഉത്തപ്പ പറഞ്ഞുവെക്കുന്നു.