വ്യക്തിഗത പ്രകടനങ്ങളേക്കാൾ കൂട്ടായ പരിശ്രമത്തിലാണ് കാര്യം!! ഇന്ത്യയുടെ സെമിഫൈനൽ സമീപനങ്ങളെപ്പറ്റി ധവാൻ

   

ഇന്ത്യൻ ടീം ലോകകപ്പ് ട്രോഫിയുടെ അടുത്തെത്തിയിരിക്കുകയാണ്. ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ദൂരം ഇനി രണ്ടു മത്സരങ്ങൾ മാത്രമാണ്. സെമിഫൈനലിൽ വമ്പൻമാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഒരുപാട് വമ്പനടിക്കാരും ഓൾറൗണ്ടർമാരും അടങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്തുക എന്നത് അനായാസ കാര്യമല്ല. അതിനായി ഒരു കൂട്ടായ പരിശ്രമം തന്നെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇതേപ്പറ്റിയാണ് ഇന്ത്യൻ ബാറ്റർ ശിഖർ ധവാൻ പറയുന്നത്.

   

സെമിഫൈനലിൽ ഇന്ത്യ ഏതുതരം സമീപനമാണ് പുറത്തെടുക്കേണ്ടത് എന്നാണ് ശിഖർ ധവാൻ ഇപ്പോൾ പറയുന്നത്. “എന്തായാലും ഓസ്ട്രേലിയയിൽ മികച്ച രീതിയിൽ കളിക്കേണ്ടത് ആവശ്യമാണ്. ടീമിലെ എല്ലാവർക്കും അവരവരുടെ റോളുകളെപറ്റി പൂർണമായ ബോധ്യമുണ്ട്. ഏത് ചാമ്പ്യൻഷിപ്പിലായാലും വ്യക്തിഗതമായ പ്രകടനങ്ങൾ കൊണ്ട് ജേതാക്കളാവാൻ ഒരു ടീമിനും സാധിക്കില്ല. ഒരു ടീം എന്ന നിലയിൽ കൂട്ടായ പരിശ്രമം തന്നെയാണ് വേണ്ടത്.”- ശിഖർ ധവാൻ പറയുന്നു.

   

സെമിഫൈനലിലേക്ക് വരുമ്പോൾ സമ്മർദ്ദം ഒഴിവാക്കേണ്ടത് ഇന്ത്യൻ കളിക്കാരെ സംബന്ധിച്ച് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് ധവാൻ പറയുകയുണ്ടായി. “നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ ടീമിലെ എല്ലാവരും നന്നായി കളിക്കുന്നുണ്ട്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് അതൊരു നല്ല സൂചനയാണ്. സെമിഫൈനൽ എന്നത് വളരെയേറെ സമ്മർദ്ദമേറിയ മത്സരമാണ്. അതിനാൽതന്നെ പരിഭ്രമം ഒഴിവാക്കി കാര്യങ്ങൾ ശാന്തമായി നടപ്പാക്കേണ്ടതും ആവശ്യമാണ്.”-ധവാൻ കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ഇന്ത്യയുടെ പേസ് ബോളർ അർഷദീപ് സിംഗിനെ പ്രശംസിക്കാനും ശിഖർ ധവാൻ മറന്നില്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് അർഷാദീപ് കാഴ്ചവെച്ചതെന്ന് ധവാൻ പറയുന്നു. നവംബർ 10നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *