ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചതിനു ശേഷം ഒരുപാട് അഭിപ്രായങ്ങൾ മുൻ ക്രിക്കറ്റർമാരിൽ നിന്ന് വരുന്നുണ്ട്. ചിലർ സഞ്ജുവിനെയും കിഷനെയുമൊക്കെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനെ വിമർശിക്കുമ്പോൾ മറ്റുചിലർ ഇന്ത്യൻ ബോളിംഗ് യൂണിറ്റിനെ തിരഞ്ഞെടുക്കുന്നതിൽ സെലക്ഷൻ കമ്മിറ്റിക്ക് വന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇപ്പോൾ ഇന്ത്യയുടെ, ടീം സെലക്ഷനെതിരെ ചോദ്യമുന്നയിച്ചു വന്നിരിക്കുന്നത് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയാണ്.
2022 ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ കേവലം മൂന്ന് സീം ബോളർമാരെ മാത്രം ഉൾപ്പെടുത്തിയതിനെയാണ് ചോപ്ര ചോദ്യംചെയ്തു വന്നിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, ആവേഷ് ഖാൻ എന്നിവർ മാത്രമാണ് സീം ബോളർമാരായി ഉള്ളത്. യുഎഇയിലെ സാഹചര്യം കണക്കിലെടുത്താൽ ഈ മൂന്നു ബോളർമാരെ മാത്രം തിരഞ്ഞെടുത്തത് ഖേദകരമാണ് എന്നാണ് ചോപ്ര പറയുന്നത്.
“ദുബായ് പിച്ച് സെപ്റ്റംബർ മാസത്തിൽ ഫാസ്റ്റ് ബോളർമാരെ വളരെയധികം സഹായിക്കാറുണ്ട്. പിച്ചിൽ ഒരുപാട് പുല്ലുകൾ ഉണ്ടാവും. ടൂർണമെന്റിലുടനീളം പിച്ച് മറ്റുമാറ്റങ്ങളൊന്നുമില്ലാതെ അങ്ങനെ തന്നെ തുടരാനാണ് സാധ്യത. അതിനാൽ തന്നെ സ്ഥിരമായി ഫാസ്റ്റ് ബൗളർമാരെ സഹായിക്കും. നേരത്തെ അവിടെ വച്ച് നടന്ന ഐപിഎല്ലിൽ നമ്മൾ ഈ പ്രതിഭാസം കണ്ടതാണ്. എന്നിട്ടും വെറും മൂന്ന് സീമർമാരെ മാത്രം സ്ക്വാഡിൽ ഉൾപ്പെടുത്തിയതിന്റെ യുക്തി മനസ്സിലാവുന്നില്ല.” ആകാശ് ചോപ്ര പറയുന്നു.
” വെറും 3 സീം ബോളർമാരെ സ്ക്വാഡിലുള്ളൂ. ഭുവനേശ്വർ, അർഷദീപ്, ആവേഷ്. ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരിക്കിന്റെ പിടിയിലും ആണ്. ഈ അവസരത്തിൽ ഒരു സീമറെ കൂടി സ്‌ക്വാഡിൽ പരിഗണിക്കേണ്ടതായിരുന്നു. “- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു