ഇതെന്തോന്നെടെ പരിശീലനമത്സരമോ?? പാവം രാഹുൽ, പണിപാളി!!

   

ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പര 2-1ന് ജയിച്ച സിംബാബ്വെ അങ്ങേയറ്റം ആവേശത്തിൽ തന്നെയായിരുന്നു ആദ്യമത്സരത്തിൽ ഇന്ത്യൻ പടയെ നേരിട്ടത്. എന്നാൽ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി ഇന്ത്യൻ ടീം മികവ് കാട്ടിയതോടെ സിംബാബ്വേയുടെ നട്ടെല്ലൊടിഞ്ഞു. ആദ്യ പത്ത് ഓവറിനുള്ളിൽതന്നെ ദീപക് ചാഹർ സിംബാബ്‌വെയുടെ മുൻനിര ബാറ്റർമാരെ എറിഞ്ഞിട്ടു. പിന്നീട് ബാറ്റിംഗിൽ ശുഭമാൻ ഗില്ലും ശിഖർ ധവാനും അടിച്ചുതകർത്തതോടെയാണ് ഇന്ത്യ റെക്കോർഡ് വിജയം കരസ്ഥമാക്കിയത്.

   

സാമൂഹ്യ മാധ്യമങ്ങളിലടക്കം ഒരുപാട് ചർച്ചകളാണ് ഇന്ത്യയുടെ ഈ വിജയത്തിന് ശേഷം ഉണ്ടായത്. ശുഭമാൻ ഗിലും ശിഖർ ധവാനും ഒരു നെറ്റ് സെഷൻ പോലെയാണ് കളിച്ചത് എന്ന് പലരും പറയുന്നു. അതോടൊപ്പം ഗില്ലിന്റെ ബാറ്റിംഗ് സ്ഥിരതയെ പ്രശംസിക്കാനും ട്വിറ്റർലോകം മറന്നില്ല. കഴിഞ്ഞ നാല് മത്സരങ്ങളിൽ 64, 43, 98, 82 എന്നിങ്ങനെയായിരുന്നു ഗിൽ നേടിയത്. ഇതോടൊപ്പം ടോപ് ഓർഡറിൽ ഇന്ത്യയ്ക്ക് മികച്ചൊരു ബാറ്റർ കൂടെയായി എന്ന് ആളുകൾ പറയുന്നു.

   

ഇതോടൊപ്പം കെ എൽ രാഹുലിന് ബാറ്റിംഗ് ലഭിക്കാത്തതിനെയും പലരും ചർച്ചാവിഷയമാക്കി. ഏഷ്യാകപ്പിന് മുമ്പ് കെ എൽ രാഹുലിന് ഫോം കണ്ടെത്താനായിരുന്നു സിംബാബ്‌വെ പര്യടനത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. എന്നാൽ ധവാനും ഗില്ലും പൂർണമായും കളംനിറഞ്ഞതോടെ രാഹുലിന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെയായി. അതിനാൽ തന്നെ അടുത്ത രണ്ടു മത്സരങ്ങളിലും രാഹുലിന് കൃത്യമായി ക്രീസിൽ സമയം നൽകണമെന്ന പരാമർശവും ഉയരുന്നുണ്ട്.

   

ഗില്ലിനൊപ്പം ശിഖർ ധവാന്റെ ഇന്നിങ്‌സും സാമൂഹ്യ മാധ്യമങ്ങളിൽ പ്രശംസ ലഭിച്ചു. കഴിഞ്ഞ 4 ഏകദിനങ്ങളിൽ 97, 13, 58, 81 എന്നിങ്ങനെയാണ് ധവാൻ നേടിയത്. ഒപ്പും കഴിഞ്ഞ നാല് ഇന്നിങ്സുകളിൽ ഇത് മൂന്നാം തവണയാണ് ഇരുവരും 100 റൺസ് പാർട്ണർഷിപ് നേടുന്നത്. എന്തായാലും ഇന്ത്യയ്ക്ക് ഒരുപാട് പോസിറ്റീവുള്ള ഏകദിനമാണ് കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *