അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിൽ വിജയം നേടിയെങ്കിലും ഏഷ്യകപ്പിൽ നിന്ന് ഇന്ത്യ പുറത്തായിട്ടുണ്ട്. സൂപ്പർ 4ൽ പാകിസ്ഥാനോടും ശ്രീലങ്കയോടും പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഏഷ്യാകപ്പിൽ നിന്ന് പുറത്തായത്. ഇന്ത്യൻ ടീമിൽ കൃത്യമായ കോമ്പിനേഷനുകൾ കണ്ടെത്താൻ സാധിക്കാത്തതാണ് ഈ പരാജയങ്ങൾക്ക് കാരണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വസീം ജാഫർ പറഞ്ഞിരിക്കുന്നത്. കൃത്യമായ കളിക്കാരെ ഇന്ത്യയുടെ ഇലവനിലേക്ക് തിരഞ്ഞെടുക്കുന്നതിൽ എല്ലാവർക്കും വ്യക്തത കുറവുണ്ട് എന്ന് ജാഫർ പറയുന്നു.
ഏഷ്യാകപ്പിൽ നിന്ന് സീമർ ബൂംറയും ഹർഷൽ പട്ടേലും മാറിയ സാഹചര്യത്തിൽ കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്നാണ് വസീം ജാഫറുടെ പക്ഷം. “ഇന്ത്യയുടെ ടീമിന് നിലവാരമുണ്ട്. മാത്രമല്ല ജസ്‌പ്രിറ്റ് ബുമ്രയും രവീന്ദ്ര ജഡേജയും പരിക്കുമൂലം മാറിനിന്നതും ഇന്ത്യയുടെ പരാജയത്തിന് കാരണമായി തോന്നുന്നില്ല. പരാജയത്തിന് കാരണം കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്താൻ സാധിക്കാതെ വന്നതാണ്. അല്ലെങ്കിൽ നിർണായകഘട്ടങ്ങളിൽ കളിക്കാർ പ്രകടനങ്ങൾ പുറത്തെടുക്കാതിരുന്നതാണ്.”- വസീം ജാഫർ പറയുന്നു.
“ട്വന്റി20 ലോകകപ്പ് സ്ക്വാഡ് ഉടൻ തന്നെ നിശ്ചയിക്കും. എന്നാൽ ഏതു കോമ്പിനേഷനുകൾ ഇന്ത്യ കളിപ്പിക്കുമെന്നതിൽ യാതൊരു വ്യക്തതയും വന്നിട്ടില്ല. ആരെയാണ് ഇന്ത്യ പരിഗണിക്കുന്നത്? മുഹമ്മദ് ഷാമിയെയും ദീപക് ചാഹറിനെയും ഇന്ത്യ പരിഗണിക്കുമോ? ദിനേശ് കാർത്തിക്കിന്റെ കാര്യത്തിലും കൃത്യമായ തീരുമാനമില്ല” – ജാഫർ കൂട്ടിച്ചേർത്തു.
ഏഷ്യാകപ്പിൽ ഇന്ത്യയുടെ സീം ബോളിഗ് കോമ്പിനേഷനുകൾ വളരെ പരാജയമായിരുന്നു. പലപ്പോഴും ഇന്ത്യ തങ്ങളുടെ ഇലവനിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും വിജയമുണ്ടാക്കാൻ സാധിച്ചില്ല. അതിനാൽതന്നെ ലോകകപ്പിനുള്ള സ്ക്വാഡ് തിരഞ്ഞെടുക്കുമ്പോൾ വലിയ ചർച്ചയുണ്ടാകുമെന്ന് ഉറപ്പാണ്.