ഇതാണോ രാഹുൽ പറഞ്ഞ ആക്രമണ സമീപനം!! ഇന്ത്യൻ മുൻനിര വീണ്ടും തവിടുപൊടി!!

   

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ നായകൻ കെ എൽ രാഹുൽ പറഞ്ഞത് തങ്ങൾ ആക്രമണപരമായ സമീപനമാണ് ഇരു ടെസ്റ്റുകളിലും സ്വീകരിക്കാൻ പോകുന്നത് എന്നായിരുന്നു. എന്നാൽ വളരെ വേദനാജനകമായ തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ ലഭിച്ചത്. കഴിഞ്ഞ ഏകദിന പരമ്പരയിലേതുപോലെ തന്നെ ഇവിടെയും മുൻനിര ബാറ്റർമാർ പാടെ പരാജയപ്പെടുന്നതാണ് കാണുന്നത്. രാഹുലിന്റെ അടക്കം വിക്കറ്റുകളായിരുന്നു ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ നഷ്ടമായത്.

   

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ദിവസത്തെ ബാറ്റിംഗ് പിച്ച് നന്നായി ഉപയോഗിക്കാൻ രാഹുലിന് വീണ്ടും സാധിക്കാതെ വന്നു. ആദ്യ ഇന്നിങ്സിൽ 54 പന്തുകളിൽ 22 റൺസ് മാത്രമായിരുന്നു രാഹുൽ നേടിയത്. പേസർമാരെ വലിയ രീതിയിൽ പിന്തുണയ്ക്കാത്ത പിച്ചിൽ ബംഗ്ലാദേശ് ആറാം ഓവറിൽ തന്നെ സ്പിന്നർമാരെ കളത്തിലിറക്കി. ശേഷം തൈജുൽ ഇസ്ലാം ശുഭ്മാൻ ഗില്ലിനെ കൂടാരം കയറ്റിയതോടെ ഇന്ത്യൻ മുൻനിരയുടെ തകർച്ച ആരംഭിച്ചു.

   

ശേഷമെത്തിയ പൂജാര ക്രീസിൽ ഉറയ്ക്കാൻ ശ്രമിച്ചപ്പോഴാണ് മറുവശത്ത് കെഎൽ രാഹുലിന്റെ കുറ്റി തെറിച്ചത്. മത്സരത്തിന്റെ 19 ആം ഓവറിൽ ഖാലിദ് അഹമ്മദിനെതിരെ ബാറ്റ് വീശിയ രാഹുലിന്റെ എഡ്ജിൽ കൊണ്ട് ബോൾ സ്റ്റാമ്പ് പിഴുതെറിഞ്ഞു. ഇത് ആദ്യമായല്ല രാഹുൽ ഈ രീതിയിൽ പുറത്താവുന്നത്. ശേഷം കോഹ്ലിയും കൂടാരം കയറിയതോടെ ഇന്ത്യയുടെ മുൻനിര തകർച്ച പൂർണ്ണമാവുകയായിരുന്നു. മത്സരത്തിൽ ഒരു റൺ മാത്രമാണ് കോഹ്ലി നേടിയത്.

   

ശേഷം അഞ്ചാമനായിറങ്ങിയ ഋഷഭ് പന്തും പൂജാരയും ഇന്ത്യക്കായി പിടിച്ചുനിന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചുതന്നെയാണ് പന്ത് കളിച്ചത്. മത്സരത്തിൽ ഇനിയും സമയം അവശേഷിക്കെ ഒന്നാം ദിവസം ഇന്ത്യയ്ക്ക് നന്നായി ഫിനിഷ് ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *