ഇതുപോലെ നിർഭാഗ്യവാൻ ഉണ്ടോ? ബിസിസിഐയ്ക്ക് പുറത്താക്കാൻ ഒരു കാരണവും കിട്ടി!!

   

നിർഭാഗ്യം എന്ന വാക്കിന് ഒരു പര്യായമുണ്ടെങ്കിൽ അത് സഞ്ജു സാംസൺ എന്ന പേരാണ്. മലയാളികൾക്ക് അഭിമാനവും, ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷയായും വളർന്നുവന്ന സഞ്ജു സാംസണെ നിർഭാഗ്യം പിടികൂടുന്നത് ഇതാദ്യമായില്ല. പലപ്പോഴും മികച്ച പ്രകടനങ്ങൾ ഇന്ത്യക്കായി പുറത്തെടുത്തിട്ടും വെളിയിലിരിക്കേണ്ടി വന്ന ക്രിക്കറ്റർ തന്നെയാണ് സഞ്ജു സാംസൺ. 2022 ലോകകപ്പിലടക്കം നമുക്കിത് കാണാൻ സാധിച്ചു. അതിന്റെ തുടർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിന് മികച്ച ഒരു അവസരമാണ് മുൻപിലേക്ക് വന്നത്. എന്നാൽ ആദ്യത്തെ ട്വന്റി20യിൽ പരിക്കേറ്റ സഞ്ജുവിന് ആ അവസരവും നഷ്ടമായിരിക്കുന്നു. അവശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജുവിന് കളിക്കാൻ സാധിക്കില്ല.

   

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. അതിനാൽതന്നെ രണ്ടാം ട്വന്റി20യ്ക്കായി പുറപ്പെട്ട ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടായിരുന്നില്ല. എന്നാൽ അടുത്ത മത്സരങ്ങളിലൊന്നും സഞ്ജുവിന് കളിക്കാനാവില്ല എന്നാണ് ബുധനാഴ്ച വൈകിട്ട് ബിസിസിഐ അറിയിച്ചത്. കൂടുതൽ വിശ്രമം ആവശ്യമായി വരുന്നതിനാണ് സഞ്ജുവിന് പരമ്പരയിൽ കളിക്കാൻ സാധിക്കാത്തത്. സഞ്ജുവിന് പകരക്കാരനായി വിദർഭയുടെ വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയെ ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

   

ഇതാദ്യമായല്ല സഞ്ജുവിന് ഈ രീതിയിൽ അവസരങ്ങൾ നഷ്ടമാകുന്നത്. മുൻപും നിർണായക മത്സരങ്ങളിൽ സഞ്ജുവിനെ പരിക്ക് പിടികൂടിയിട്ടുണ്ട്. 2023ൽ ഏഷ്യാകപ്പും 50 ഓവർ ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജു ടീമിനൊപ്പം തുടരേണ്ടത് അത്യാവശ്യമായിരുന്നു. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിൽ മാത്രം കളിക്കുന്ന സഞ്ജുവിന് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത്, ലോകകപ്പിന് മുൻപ് ഏകദിന ടീമിൽ സ്ഥാനം കണ്ടെത്തണമായിരുന്നു.

   

പക്ഷേ ഈ പരിക്ക് സഞ്ജുവിനെ വീണ്ടും പിന്നോട്ടടിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ സഞ്ജു ഇല്ലാത്തപക്ഷം കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്. ഈ ലോകകപ്പിൽ മലയാളി സാന്നിധ്യം ഉണ്ടാകണമെന്ന പ്രാർത്ഥനയിലാണ് ക്രിക്കറ്റ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *