ലോകത്തിലെതന്നെ ലീഗ് ക്രിക്കറ്റുകളിൽ ഏറ്റവും വമ്പന്മാരാണ് ഐപിഎല്ലും പിഎസ്എല്ലും. ഇന്ത്യൻ പ്രീമിയർ ലീഗ്, നിലവാരവും കൂടുതൽ വിദേശകളിക്കാരുടെ സാന്നിധ്യവുമൊക്കെ കൊണ്ട് ശ്രദ്ധ നേടുമ്പോൾ, പാകിസ്ഥാൻ കളിക്കാരുടെ ജീവവായുവാണ് പിഎസ്എൽ എന്ന പാകിസ്താൻ സൂപ്പർ ലീഗ്. സാധാരണ ഇരു ടൂർണ്ണമെന്റുകളും വ്യത്യസ്തമായ സമയങ്ങളിലാണ് നടക്കാറുള്ളത്. അതിനാൽതന്നെ ലീഗിലെ വിദേശതാരങ്ങൾക്ക് ഇരുടൂർണമെന്റുകളിലും കളിക്കാൻ സാധിച്ചിരുന്നു.
എന്നാൽ ഇരുടൂർണ്ണമെന്റുകളും ഒരേസമയം നടന്നാലോ? അതിനുള്ള സാധ്യതകളൊരുക്കിയാണ് ഐസിസിയുടെ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാം ഷെഡ്യൂൾ. 2025ലെ ഐപിഎല്ലും പിഎസ്എല്ലും ഒരേസമയത്ത് നടക്കാനാണ് സാധ്യത. 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുക. അതിനാൽ പിഎസ്എൽ മാർച്ച്,ഏപ്രിൽ,മെയ് എന്നീ മാസങ്ങളിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. സാധാരണയായി ഐപിഎൽ ഈ മാസങ്ങളിൽ തന്നെയാണ് നടക്കുന്നത്.
കോവിഡ് ബാധിച്ച 2020-2021 സീസണുകളിൽ മാത്രമാണ് സമയക്രമത്തിൽ മാറ്റം വന്നത്. ഇക്കാര്യം സംസാരിക്കുമ്പോൾ ആവേശഭരിതനാവുകയാണ് മുൻ ഓസ്ട്രെലിയൻ താരം ബ്രാഡ് ഹോഗ്. “രണ്ടു രാജ്യങ്ങളും തമ്മിൽ വലിയൊരു മത്സരമാണ് ഈ സമയക്രമത്തിലൂടെ ഉണ്ടാകാൻ പോകുന്നത്. ആരാധകർ തങ്ങളുടെ ട്വന്റി20 ലീഗിന് പിന്തുണ നൽകി മറ്റുലീഗിനെ പരാജയപ്പെടുത്താൻ ശ്രമിക്കും.
കൂടാതെ ഫ്രഞ്ചസികളെ സംബന്ധിച്ച് മാർക്കറ്റിംഗ് അടക്കമുള്ള കാര്യങ്ങളിൽ വലിയ മേൽക്കോയ്മയും ഉണ്ടാകും.”- ഹോഗ് പറയുന്നു. എന്തായാലും ഐപിഎല്ലും പിഎസ്എല്ലും ഒരേസമയത്ത് എത്തുന്നതോടെ വമ്പൻ യുദ്ധം തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഇരുരാജ്യങ്ങളിലെയും ആരാധകർ 2022 ഏഷ്യാകപ്പിലേക്ക് തന്നെയാണ് ശ്രദ്ധിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28നാണ് ഏഷ്യാക്കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്.