ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിലെ പരാജയത്തിന് വിവിധ നിർവചനങ്ങൾ കണ്ടെത്തുകയാണ് മുൻ ക്രിക്കറ്റർമാർ. ട്വന്റി20 ക്രിക്കറ്റിൽ വലിയ ശക്തി തന്നെയായ ഇന്ത്യയുടെ ലോകകപ്പിലെ മോശം പ്രകടനം പല ക്രിക്കറ്റർമാരെയും ചോടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഈ പുറത്താക്കളിൽ ഒരു ചെറിയ ശതമാനമെങ്കിലും ഐപിഎൽ കാരണമായിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് പലരും. പണം വാരിയെറിയുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചതിനുശേഷം ഒരു ട്വന്റി20 ലോകകപ്പ് പോലും ഇന്ത്യക്ക് നേടാൻ സാധിച്ചിട്ടില്ല. ഇതിനെക്കുറിച്ചാണ് മുൻ പാക്കിസ്ഥാൻ താരം വസീം അക്രം പറയുന്നത്.
“ഇന്ത്യയും മറ്റു ടീമുകളും തമ്മിൽ നോക്കുമ്പോൾ, ഐപിഎൽ ഒരു വലിയ വ്യത്യാസമുണ്ടാക്കും എന്നാണ് പലരും വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. 2008ലാണ് ഐപിഎൽ ആരംഭിക്കുന്നത്. ഇന്ത്യ ട്വന്റി20 ലോകകപ്പ് വിജയിക്കുന്നത് അതിനുമുമ്പ്, 2007 ലാണ്. ഐപിഎൽ ആരംഭിച്ചതിനുശേഷം ഇന്ത്യ ഒരു ട്വന്റി20 ലോകകപ്പ് പോലും വിജയിച്ചിട്ടില്ല. 2011ൽ അവർ ഒരു ലോകകപ്പ് വിജയിച്ചു. പക്ഷേ അത് 50 ഓവർ ലോകകപ്പായിരുന്നു.”- വസീം അക്രം പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ കളിക്കാർ മറ്റു വിദേശ ലീഗുകളിൽ കളിച്ചിരുന്നെങ്കിൽ അത് വലിയൊരു വ്യത്യാസം ഉണ്ടാക്കിയേനെ എന്നും വസിം അക്രം കരുതുന്നു. ഇതേ അഭിപ്രായം തന്നെയാണ് മുൻ പാക് ക്രിക്കറ്റർ ഷൊഐബ് മാലിക്കിനും ഉള്ളത്. “ഐപിഎൽ യുവ കളിക്കാരെ സംബന്ധിച്ച് ഒരു വലിയ അവസരം തന്നെയാണ്. എന്നാൽ വിദേശരാജ്യങ്ങളിൽ അത് ഇന്ത്യയെ സഹായിക്കില്ല. വ്യത്യസ്തമായ സാഹചര്യങ്ങളിൽ, വ്യത്യസ്തമായ രാജ്യങ്ങളിൽ കളിക്കുമ്പോൾ ഐപിഎൽ സഹായകരമാവില്ല. “- മാലിക് പറയുന്നു.
എന്തായാലും ഇന്ത്യയുടെ ഈ പുറത്താക്കലിൽ ഒരുപാട് പഴികേൾക്കാൻ സാധ്യതയുള്ള ഒന്ന് തന്നെയാണ് ഐപിഎൽ. അടുത്തവർഷം മുതൽ വനിത ഐപിഎല്ലും ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ലോകകപ്പിലെ പരാജയം ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.