ക്രിക്കറ്റ് എന്നത് അത്ഭുതങ്ങളുടെ കളിയാണ്. ഒരാൾക്ക് ഹീറോയാവാനും വില്ലനാവാനും ക്രിക്കറ്റിൽ വേണ്ടത് സെക്കന്റുകൾ മാത്രമാണ്. അതുപോലെ ഒരു കഥയാണ് ഇംഗ്ലണ്ട് ഓൾഡൗണ്ടർ സാം കരന്റേത്. 2022 ലോകകപ്പിൽ എല്ലാ അർത്ഥത്തിലും കരൻ ഇംഗ്ലണ്ട് ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു
ടൂർണമെന്റിലുടനീളം മികച്ച ബോളിങ് കാഴ്ചവച്ച കരൻ ഫൈനലിലും ഇംഗ്ലണ്ടിന്റെ രക്ഷകനായി. മത്സരത്തിൽ വെറും 12 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകളാണ് കരൻ നേടിയത്. 2021 ൽ യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കരൻ പരിക്ക് മൂലം ഇംഗ്ലണ്ട് സ്‌ക്വാഡിൽ ഉണ്ടായിരുന്നില്ല.
ആ സമയത്ത് ലോകകപ്പിലെ കമന്റെറ്ററായി കരൻ തുടർന്നു. എന്നാൽ ഒരു വർഷത്തിനുശേഷം വലിയൊരു തിരിച്ചുവരവ് തന്നെയാണ് കരൻ നടത്തിയത്. ലോകകപ്പിലെ ഈ മികച്ച പ്രകടനത്തിന് ഐപിഎൽ തന്റെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചു എന്നാണ് ഇപ്പോൾ കരൻ പറയുന്നത്. ഐപിഎല്ലിൽ കളിച്ച പരിചയസമ്പന്നത തന്റെ ട്വന്റി20 കരിയറിൽ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് കരൻ പറയുന്നത്.
“ഐപിഎൽ ഞാൻ വളരെ ആസ്വദിച്ചു. കളിക്കാരിൽ നിന്ന് ഒരുപാട് പഠിക്കാനും ഐപിഎൽ സഹായിച്ചു. വലിയ മത്സരങ്ങളെകുറിച്ചും വമ്പൻ ടൂർണമെന്റുകളെകുറിച്ചും പഠിച്ചത് ആ കളിക്കാരിൽ നിന്നായിരുന്നു. ഞാനെപ്പോഴും കാര്യങ്ങൾ ഉൾക്കൊള്ളാനും പ്രകടനങ്ങൾ മെച്ചമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. ഐപിഎല്ലിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”- സാം കരൻ പറയുന്നു. എന്തായാലും കരനെ സംബന്ധിച്ച് ഐപിഎൽ തന്റെ പ്രകടനത്തിൽ അങ്ങേയറ്റം ഗുണം ചെയ്തിട്ടുണ്ട്.
ഐപിഎല്ലിൽ പഞ്ചാബ് ടീമിനായിയായിരുന്നു സാം കരൻ അരങ്ങേറിയത്. ശേഷം ധോണി നായകനായുള്ള ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ അഭിവാദ്യ ഘടകമായും കരൻ മാറി. ഇത്തവണത്തെ ഐപിഎലിലും കരൻ ഒരു അഭിവാജഘടകമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. കരന്റെ ഈ മികവാർന്ന പ്രകടനങ്ങൾ ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് 50 ഓവർ ലോകകപ്പിലേക്ക് പോകുമ്പോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.