ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന് നല്ലത് മാത്രമേ ചെയ്തിട്ടുള്ളു!! പരാജയത്തിന് ഉത്തരവാദിത്തം കളിക്കാർക്ക് മാത്രം – ഗംഭീർ

   

സമീപകാലത്ത് ഐസിസി ഇവന്റുകളിൽ ഇന്ത്യൻ ടീമിന് വലിയ രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. 2022ലെ ട്വന്റി20 ലോകകപ്പിലും നമ്മൾ ഇത് കാണുകയുണ്ടായി. ലോകകപ്പിലെ പരാജയത്തിനുശേഷം പല മുൻ ക്രിക്കറ്റർമാരും ഏറ്റവുമധികം വിമർശിച്ചത് ഐപിഎല്ലിനെയായിരുന്നു. ഐപിഎല്ലിന്റെ സമയക്രമം ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളെ ബാധിക്കുന്നതായി പലരും ചൂണ്ടിക്കാട്ടി. ഇതോടൊപ്പം സമീപകാലത്ത് ഇന്ത്യൻ താരങ്ങൾക്കേറ്റ പരിക്കിലും ഐപിഎൽ ഇരയായി. എന്നാൽ ഐപിഎല്ലിനെ ഗുരുതരമായി വിമർശിക്കേണ്ട കാര്യമില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്.

   

ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിന് നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് ഗംഭീർ പറയുന്നു. “ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ഐപിഎല്ലാണ്. എല്ലാ രീതിയിലും എനിക്ക് അത് പറയാൻ സാധിക്കും. ഐപിഎൽ തുടങ്ങിയതിനുശേഷം പലരും അതിനെ വിമർശിച്ചിരുന്നു. ഇന്ത്യൻ ടീം എപ്പോൾ മോശം പ്രകടനങ്ങൾ കാഴ്ചവെച്ചാലും എല്ലാവരും വിമർശിക്കുന്നത് ഐപിഎല്ലിനെയാണ്. അത് നീതികരിക്കാനാവുന്ന കാര്യമല്ല. നമ്മൾ ഐസിസി ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചില്ലെങ്കിൽ പഴിചാരേണ്ടത് കളിക്കാരെയും അവരുടെ പ്രകടനങ്ങളേയുമാണ്. അല്ലാതെ ഐപിഎൽ മൂലമാണെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല.”- ഗംഭീർ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ ടീം പ്രാദേശിക കോച്ചുമാരെ തന്നെ നിയമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഗംഭീർ പറയുകയുണ്ടായി. “ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച ഒരു നല്ല കാര്യം നമ്മൾ ഇന്ത്യൻ പരിശീലകരെ കണ്ടെത്താൻ തുടങ്ങി എന്നുള്ളതാണ്. ഇന്ത്യൻ ടീമിനെ ഇന്ത്യയിലെ കോച്ചുകൾ തന്നെ പരിശീലിപ്പിക്കണം. വിദേശ കോച്ചുകൾ പണത്തിനായി ദൗത്യം ഏറ്റെടുക്കുകയും ശേഷം അപ്രത്യക്ഷമാവുകയും ചെയ്യും. കായികങ്ങളിൽ വൈകാരികതയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.”-ഗംഭീർ കൂട്ടിച്ചേർത്തു.

   

ഇതോടൊപ്പം ഐപിഎല്ലിലും എല്ലാ ടീമുകളും ഇന്ത്യൻ പരിശീലകരെ നിശ്ചയിക്കണമെന്ന് ഗംഭീർ പറയുന്നു. നമ്മുടേതായ പരിശീലകർക്ക് നമ്മൾ കൂടുതൽ അവസരങ്ങൾ നൽകണമെന്നും അതിലൂടെ ദേശീയ ടീമിന് ഗുണം ചെയ്യുമെന്നും ഗംഭീർ പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *