ഏഷ്യകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പ്രധാന വെല്ലുവിളിയായിരുന്നു ബൗളർമാരുടെ തിരഞ്ഞെടുപ്പ്. നിലവിൽ ഇന്ത്യൻ ടീമിൽ വന്നുപോകുന്ന ബോളർമാരെല്ലാം മികവ് തെളിയിക്കുന്നതിനാൽ ലിസ്റ്റിൽ നിന്ന് കുറച്ച് ബോളർമാരെ മാത്രം പരിഗണിക്കുക എന്നത് പ്രയാസകരമാണ്. എന്നാൽ പല അത്ഭുതങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്റെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
പ്രധാനമായും ഇന്ത്യയ്ക്ക് ബോളിംഗ് യൂണിറ്റിൽ രണ്ട് തിരിച്ചടികളാണ് നേരിട്ടിരിക്കുന്നത്. ടൂർണമെന്റിൽ ഇന്ത്യയുടെ നട്ടെല്ലാവും എന്ന് കരുതിയിരുന്ന ജസ്പ്രീത് ബുംറയെയും ഹർഷൽ പട്ടേലിനെയും ഇന്ത്യയുടെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. 15 അംഗങ്ങളടങ്ങുന്ന സ്ക്വാഡിൽ ഇരുവരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല.
വിൻഡിസ് പര്യടനത്തിനിടെ ഉണ്ടായ പേശിവലിവ് മൂലമാണ് ഹർഷൽ പട്ടേലിനെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്. ബാക്ക് ഇഞ്ചുറിയാണ് ബുമ്രയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് കാരണം. നിലവിൽ ഇരുവർക്കും മതിയായ വിശ്രമം അനുവദിച്ചാൽ ഇരുവരുടെയും സേവനം വരുന്ന ട്വന്റി20 ലോകകപ്പിൽ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ. നിലവിൽ ഇരുവരും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളത്.
യുഎഇയിലെ സാഹചര്യങ്ങൾ കണക്കിലാക്കി രവി ബിഷ്ണോയെയും യുസ്‌വേന്ദ്ര ചഹലിനെയും രവിചന്ദ്രൻ അശ്വിനെയും ഇന്ത്യ സ്പിൻ ബൗളർമാറായി ഉൾപ്പെടുത്തിയിട്ടുണ്ട്. അർഷദീപ് സിംഗും ഭുവനേശ്വർ കുമാറും ആവേഷ് ഖാനുമായിരിക്കും ഇന്ത്യയുടെ ഫാസ്റ്റ് ബോളീംഗിന് ചുക്കാൻ പിടിക്കുന്നത്. ഇവരോടൊപ്പം ഹർദിക് പാണ്ഡ്യ കൂടി ചേർന്നതോടെ യൂണിറ്റ് പൂർണ്ണമാകും. എന്നിരുന്നാലും ബുമ്രയുടെയും ഹർഷലിന്റെയും അഭാവം ചെറുതായി കാണാൻ സാധിക്കില്ല.