അയാളെന്താണ് സിംബാബ്വെയിൽ കാണിച്ചത്!! ഇന്ത്യൻ താരത്തെ വിമർശിച്ച് ജഡേജ!!

   

സിംബാബ്വെക്കെതിരായ അവസാന ഏകദിനത്തിൽ 13 റൺസിന് വിജയം കണ്ടതോടെ ഇന്ത്യ പരമ്പര തൂത്തുവാരുകയുണ്ടായി. എല്ലാത്തരത്തിലും ഇന്ത്യയ്ക്ക് പോസിറ്റീവായുള്ള പരമ്പരയായിരുന്നു സിംബാബ്വെയ്ക്കെതിരെ അവസാനിച്ചത്. ശുഭമാൻ ഗില്ലും സഞ്ജുവുമടക്കം പല ബാറ്റർമാരും മികച്ച പ്രകടനങ്ങൾ പരമ്പരയിൽ നടത്തി. എന്നാൽ പരമ്പരയ്ക്ക് ശേഷം നിരാശനായി മടങ്ങേണ്ടി വന്ന ഒരു ഇന്ത്യക്കാരനുണ്ട് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ അജയ് ജഡേജ പറയുന്നത്.

   

കെഎൽ രാഹുലിന് മാത്രമാണ് സിംബാബ്‌വെക്കെതിരായ പരമ്പരയിൽ ഏറ്റവും വലിയ നിരാശയുണ്ടാവാൻ സാധ്യത എന്നാണ് ജഡേജയുടെ പക്ഷം. “പരമ്പരക്ക് ശേഷം നോക്കിയാൽ ഏറ്റവും നിരാശനായി മടങ്ങാൻ സാധ്യതയുള്ള കളിക്കാരൻ കെ എൽ രാഹുലാണ്. അയാൾക്ക് നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചില്ല. വേറെ ആരെയും കുറ്റം പറയാനില്ല. പറ്റുമെങ്കിൽ ടോസ് നേടിയ മൂന്നു സാഹചര്യങ്ങളിലും രാഹുൽ ബാറ്റിംഗ് തെരഞ്ഞെടുക്കേണ്ടതായിരുന്നു. “-അജയ് ജഡേജ പറയുന്നു.

   

ഇതോടൊപ്പം പരമ്പരയിലുടനീളം ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തെയും ജഡേജ വിലയിരുത്തുന്നുണ്ട്. “പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ് ശുഭമാൻ ഗില്ലാണ്. അയാളുടെ ബാറ്റിംഗ് കൊണ്ട് മാത്രമല്ല, വ്യത്യസ്തതകൊണ്ടും. മൂന്നാം നമ്പറിലായാലും അയാൾക്ക്‌ നന്നായി കളിക്കാൻ സാധിക്കുന്നു. പിന്നെ ശിഖർ ധവാൻ. അയാൾ കഴിഞ്ഞ പത്തു വർഷങ്ങളിലേതുപോലെ തന്നെ മികച്ച രീതിയിൽ കളിച്ചു. ഇഷാൻ കിഷൻ നന്നായി തുടങ്ങിയെങ്കിലും റണ്ണൗട്ട് ആവുകയാണുണ്ടായത്. അത് വലിയ പ്രശ്നമല്ല.”- ജഡേജ കൂട്ടിച്ചേർത്തു.

   

തന്റെ കന്നിസെഞ്ച്വറിയടക്കം 245 റൺസാണ് ഗിൽ സിംബാബ്വെക്കെതിരായ പരമ്പരയിൽ നേടിയത്. ഇതോടെ തുടർച്ചയായ 2ആം പ്ലേയർ ഓഫ് ദ് ടൂർണമെന്റ് അവാർഡാണ് ഗില്ലിനെ തേടി എത്തിയിരിക്കുന്നത്. വിൻഡിസിനെതിരായ പരമ്പരയിലും ഗിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. എന്തായാലും എല്ലാരീതിയിലും ഇന്ത്യൻ യുവനിരയെ സംബന്ധിച്ച് ഒരു മികച്ച പരമ്പരയാണ് കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *