സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഏറ്റവും വലിയ ശ്രദ്ധപിടിച്ചുപറ്റിയ ക്രിക്കറ്ററാണ് യുസ്‌വേന്ദ്ര ചഹൽ. തന്റെ വ്യത്യസ്തമായ ബോളിംഗ് സ്റ്റൈൽ കൊണ്ടും ബോറ്റർമാർക്ക് നിർവചിക്കാനാവാത്ത ശൈലികൊണ്ടും ചാഹൽ ഒരു മികച്ച സ്പിന്നറായി മാറുന്നു. അതിനാൽതന്നെ കുറച്ചധികം നാളുകളായി ഏകദിനക്രിക്കറ്റിലും ട്വന്റി20യിലും ഇന്ത്യൻ ടീമിന്റെ നിറസാനിധ്യമാണ് ചാഹൽ. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ചാഹൽ ഇപ്പോൾ.
തനിക്ക് ഇന്ത്യൻ ടീമിനായി ടെസ്റ്റ് മത്സരം കളിക്കണമെന്നതാണ് ചഹലിന്റെ ഏറ്റവും വലിയ സ്വപ്നം. ” ടെസ്റ്റ് ക്രിക്കറ്റർ എന്നറിയപ്പെടുന്നത് പൂർണമായും വ്യത്യസ്തമായ ഒരു കാര്യമാണ്. കഴിഞ്ഞ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് ഞാൻ 50 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പക്ഷേ പ്രധാന കാര്യം എന്താണെന്ന് വെച്ചാൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഞാൻ ക്രിക്കറ്റിൽ അധികം കളിച്ചിട്ടില്ല എന്നുള്ളതാണ്. ” – ചാഹൽ പറയുന്നു.
“രഞ്ജിട്രോഫി തുടങ്ങുന്ന സമയത്ത്, എനിക്ക് സമയം ലഭിക്കുകയാണെങ്കിൽ ഞാൻ തിരികെ ഹരിയാനയ്ക്കായി കളിക്കാൻ പോകും. എനിക്ക് നന്നായി ടെസ്റ്റിൽ ബോൾ ചെയ്യാൻ പറ്റുമോ എന്ന സംശയം ഒഴിവാക്കാൻ കൂടിയാണിത്. “- ചഹൽ കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയുടെ ഏഷ്യകപ്പിലെ പ്രധാന ബോളർ കൂടിയാണ് ചഹൽ.
ഇന്ത്യക്കായി ഇതുവരെ 64 ഏകദിനങ്ങളും 54 ട്വന്റി20കളുമാണ് ചഹൽ കളിച്ചിട്ടുള്ളത്. ഏകദിനങ്ങളിൽ 111 വിക്കറ്റുകളും ട്വന്റി20കളിൽ 72 വിക്കറ്റുകളുമാണ് ചഹലിന്റെ സമ്പാദ്യം. എന്നാൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ചാഹറിന് ഇതുവരെ ലഭിച്ചിട്ടില്ല. ഏഷ്യാകപ്പിൽ ഭുവനേശ്വർ കുമാറും ചാഹലുമാണ് ഇന്ത്യയുടെ പ്രധാന ബോളർമാർ. അതിനാൽതന്നെ ചഹൽ ഇപ്പോഴത്തെ ഫോം തുടരേണ്ടത് ഇന്ത്യയുടെ ആവശ്യം തന്നെയാണ്.