രാഹുലിന് പകരം ഇവനെ ഏകദിന ഓപ്പണറാക്കണം!! അടുത്ത ലോകകപ്പിൽ ഇന്ത്യയ്ക്ക് സഹായകമാവും – കനേറിയ

   

ഇന്ത്യയ്ക്ക് ഇനി വരാനിരിക്കുന്ന വലിയ ടൂർണമെന്റ് 2023ലെ 50 ഓവർ ലോകകപ്പാണ്. അതിനായുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യ തുടങ്ങുകയാണ്. ഈ അവസരത്തിൽ ഇന്ത്യ തങ്ങളുടെ ഏകദിന ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി മുൻ ക്രിക്കറ്റർമാർ സംസാരിക്കുകയുണ്ടായി. 2023ലെ ലോകകപ്പ് ലക്ഷ്യം വെച്ച് ഇന്ത്യ ഓപ്പണർ ശുഭ്മാൻ ഗില്ലിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്. കെ എൽ രാഹുലിന് ഇന്ത്യ ആവശ്യമായ അവസരങ്ങൾ നൽകിയെന്നും വിശ്വാസ്യത കാക്കാൻ രാഹുലിന് സാധിച്ചില്ലെന്നും കനേറിയ പറയുന്നു.

   

“2023ലെ ലോകകപ്പ് മനസ്സിൽ വച്ചുകൊണ്ട് ഇന്ത്യ ഗില്ലിന് കൂടുതൽ അവസരങ്ങൾ നൽകണം. അയാൾ ഒരു മികച്ച കളിക്കാരനാണ്. രോഹിത് ശർമ ഏകദിനങ്ങളുടെ നായകനായി തുടരണം. എന്നാൽ അയാൾക്ക് ആവശ്യം നല്ല കളിക്കാരെയാണ്. കെഎൽ രാഹുലിന് ഇന്ത്യ ആവശ്യത്തിന് അവസരങ്ങൾ നൽകി. എന്നാൽ അയാൾ അത് ഉപയോഗിച്ചില്ല. അയാൾക്ക് സ്ഥിരതയില്ല. എന്നാൽ ഗില്‍, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവർ സ്ഥിരതയോടെ പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ട്.”- കനേറിയ പറയുന്നു.

   

ഇതോടൊപ്പം നിലവിലെ ഇന്ത്യയുടെ ട്വന്റി20 നായകനായ ഹർദിക്ക് പാണ്ട്യയുടെ ഊർജസ്വലതയെ കനേറിയ അഭിനന്ദിക്കുന്നു. “രോഹിത് ഒരു മോശം നായകനല്ല. എന്നാൽ ആക്രമണോൽസുകതയും എനർജിയും രോഹിത്തിൽ കുറവാണ്. സൂര്യകുമാറിനെ പോലെയുള്ള കളിക്കാർ ടീമിലുള്ളപ്പോൾ നമ്മൾ ആ എനർജി പുറത്തെടുക്കണം. പാണ്ട്യ അക്കാര്യത്തിൽ മികവു കാട്ടുന്നു.”- കനേറിയ കൂട്ടിച്ചേർത്തു.

   

“പാണ്ട്യയുടെ നായകത്വം വളരെ നന്നായിരുന്നു. ഒരു നായകൻ എന്ന നിലയിൽ അയാൾ നിറഞ്ഞാടി. ഇന്ത്യൻ ട്വന്റി20 ടീമിന്റെ ഭാവിയിലെ ക്യാപ്റ്റനാവും പാണ്ഡ്യ എന്ന് തോന്നുന്നു.”- കനേറിയ പ്രവചിച്ചു. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *