ലോകക്രിക്കറ്റിലെ പല ഇതിഹാസങ്ങളും ഇന്ത്യൻ ബാറ്റിംഗ് നിരയെ പുകഴ്ത്തി സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ സ്ഥിരംകാഴ്ചയാണ്. പലരും ഇന്ത്യയുടെ ഇപ്പോഴത്തെ സ്ക്വാഡിനെ പ്രശംസിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. 2022 ഏഷ്യകപ്പിലെ ഇന്ത്യയുടെ ബാറ്റിങ് നിരയിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ് ജഡേജ പറയുന്നത്. അതിനാൽതന്നെ കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ ബാറ്റിംഗ് നിരയെക്കാൾ മോശമാണ് നിലവിലെ ബാറ്റിംഗ് നിരയെന്ന് ജഡേജ സൂചിപ്പിക്കുന്നു.
ക്രിക്ബസുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ജഡേജ ഇക്കാര്യം സംസാരിച്ചത്. “നിലവിൽ ഇന്ത്യയുടെ ബാറ്റിംഗ് അത്ര മികച്ച നിലയിലൊന്നുമല്ല. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനെക്കാളും മോശപ്പെട്ട നിലയിൽ തന്നെയാണ്. കെ എൽ രാഹുലിന് കഴിഞ്ഞ കുറച്ചുനാളായി പരിക്കുമൂലം കളിക്കാൻ സാധിച്ചിരുന്നില്ല. അയാൾ തിരിച്ചുവരികയും സിംബാബ്വെയ്ക്കെതിരെ നന്നായി കളിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ വേണ്ട രീതിയിൽ ഫോം കണ്ടെത്താൻ സാധിച്ചില്ല.”- ജഡേജ പറയുന്നു. “വിരാട് കോഹ്ലി കുറച്ചുനാളായി കളിക്കുന്നതേയില്ല. രോഹിത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷത്തെ ഫോം പോലും ഇപ്പോളില്ല. എന്നാൽ സൂര്യകുമാർ മാത്രമാണ് ഇവരിൽ നിന്ന് വിഭിന്നമായിയുള്ളത്. അവർ മാത്രമാണ് ഇന്ത്യയ്ക്കായി തുടർച്ചയായി കളിക്കുകയും റൺസ് നേടുകയും ചെയ്തത്.”- ജഡേജ കൂട്ടിച്ചേർക്കുന്നു.
ഇന്നു വൈകിട്ട് 7.30നാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരം നടക്കുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയപ്പോൾ ടോസ് ഒരു നിർണായക ഘടകമായിരുന്നു. മത്സരത്തിൽ ടോസ് നേടുന്ന ടീം ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.