ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലെ ശക്തിയാകാൻ പോകുന്ന ബാറ്റർ ആരാണ് എന്ന് ചോദ്യത്തിന് പലർക്കും വിഭിന്നമായ അഭിപ്രായങ്ങളുണ്ടാവും. വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, രോഹിത് ശർമ എന്നിവരുടെ പേരുകളാവും പലരുടെയും ഉത്തരം. കാരണം ഇവരൊക്കെയും 2022 ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധേയ താരങ്ങൾ തന്നെയാണ്. എന്നാൽ 2022 ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് പെർഫോമറാവാൻ പോകുന്നത് ഓപ്പണർ കെഎൽ രാഹുൽ ആയിരിക്കുമെന്ന പ്രവചനമാണ് മുൻ ക്രിക്കറ്റർ ആകാശ് ചോപ്ര നടത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രേലിയൻ പിച്ചുകളെ പരമാവധി ഭംഗിയായി ഉപയോഗിക്കാൻ കെഎൽ രാഹുലിന് കഴിയും എന്നാണ് ആകാശ് ചോപ്ര വിശ്വസിക്കുന്നത്. മാത്രമല്ല ട്വന്റി20 മത്സരങ്ങളിൽ അവസാനം വരെ ബാറ്റ് ചെയ്യാൻ രാഹുലിന് സാധിക്കുമെന്നും ചോപ്ര പറയുന്നു.”2022 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ടോപ്പ് റൺവേക്കാരനാവാൻ പോകുന്നത് കെഎൽ രാഹുൽ ആയിരിക്കും അയാൾക്ക് ഇന്നിങ്സിലെ 20 ഓവറുകളും ബാറ്റ് ചെയ്യാൻ സാധിക്കും. അവസാനം വരെ ബാറ്റ് ചെയ്യാൻ രാഹുലിന് ഇഷ്ടവുമാണ്. മാത്രമല്ല ഈ പിച്ചുകൾ കെഎൽ രാഹുലിന് നന്നായി യോജിക്കും. കാരണം ഇവിടെ ബോളുകൾ വളരെ നന്നായി ബാറ്റിലേക്ക് വരും. “- ആകാശ് ചോപ്ര പറയുന്നു.
കുറച്ചധികം സമയമായി പരിക്ക് മൂലം ഇന്ത്യയുടെ ടീമിൽനിന്ന് മാറിനിൽക്കുകയായിരുന്നു കെ എൽ രാഹുൽ. ഏഷ്യാകപ്പിലാണ് രാഹുൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ശേഷം തരക്കേടില്ലാത്ത ബാറ്റിംഗ് ഫോം തന്നെയായിരുന്നു രാഹുൽ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ 3 ട്വന്റി20കളിൽ നിന്ന് 108 റൺസും രാഹുൽ നേടിയിരുന്നു.
കൂടാതെ ബോളിങ്ങിൽ അർഷദ്ദീപ് സിംഗാവും ഇന്ത്യയുടെ തുറുപ്പുച്ചിട്ടാവുക എന്നും ആകാശ് ചോപ്ര പറയുന്നു. അർഷദീപിന് ഇന്നിങ്സിന്റെ തുടക്കവും ഒടുക്കവും ബോൾ ചെയ്യാനാവും എന്ന് ചോപ്ര കൂട്ടിച്ചേർക്കുന്നു. മാത്രമല്ല ഓസ്ട്രേലിയയിലെ വലിയ മൈതാനങ്ങൾ അർഷദീപിന് ഗുണമുണ്ടാക്കുമെന്നാണ് ചോപ്രയുടെ വിശ്വാസം.