കഴിഞ്ഞ കുറച്ചുമത്സരങ്ങളായി മികച്ച ബാറ്റിംഗ് പ്രകടനമല്ല ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കാഴ്ചവെക്കുന്നത്. പലപ്പോഴും രോഹിതിന് മികച്ച തുടക്കങ്ങൾ ലഭിക്കുമെങ്കിലും പെട്ടെന്ന് തന്നെ കൂടാരം കയറുകയാണ് പതിവ്. കഴിഞ്ഞ 10 ട്വന്റി20 ഇന്നിഗ്സുകൾ എടുത്തുകഴിഞ്ഞാൽ ഒരുതവണ മാത്രമാണ് രോഹിത്തിന് അർത്ഥശതകം നേടാനായത്. കഴിഞ്ഞ അഞ്ചു ഇന്നിംഗ്സുകളിൽ രോഹിത് രണ്ടുതവണ ഡക്കായി പുറത്താവുകയും ചെയ്തു. പാകിസ്ഥാനെതിരെയും രോഹിത് ബാറ്റിംഗിൽ പരാജയപ്പെട്ടിരുന്നു. ഇന്ത്യയെ സംബന്ധിച്ച് നിലവിലുള്ള ഒരേയൊരു ആശങ്ക രോഹിത്തിന്റെ ഫോം മാത്രമാണെന്ന് ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നു.
“രോഹിത് ശർമയുടെ നിലവിലെ ഫോം മാത്രമാണ് ഇന്ത്യക്ക് ആശങ്കയായുള്ളത്. അയാളുടെ കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞ മത്സരങ്ങളിൽ രോഹിത്തിന് സാധിച്ചില്ല. അയാൾ തിരിച്ചു ഫോമിലേക്ക് എത്തുകയാണെങ്കിൽ മത്സരത്തിൽ അത് വലിയൊരു മാറ്റം തന്നെ കൊണ്ടുവരും.” ഗവാസ്കർ പറയുന്നു.
“ഇന്ത്യയെ സംബന്ധിച്ച് തുടക്കത്തിൽ ഒരു നല്ല ഫ്ലാറ്റ്ഫോമാണ് വേണ്ടത്. അങ്ങനെ തുടക്കത്തിൽ ഒരു മികച്ച പ്ലാറ്റ്ഫോം ലഭിച്ചാൽ നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഇറങ്ങുന്ന ബാറ്റർമാരെ സംബന്ധിച്ച് അത് കാര്യങ്ങൾ എളുപ്പമാക്കും. കാരണം അവർക്ക് ആദ്യ ബോൾ മുതൽ അടിച്ചു തകർക്കാൻ അത് അവസരമാവും.”- സുനിൽ ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
“ഇക്കാരണംകൊണ്ട് തന്നെ മെല്ലെയുള്ള തുടക്കമാണ് ഇന്നിംഗ്സിന് ലഭിക്കുന്നതെങ്കിലും പ്രശ്നമില്ല. പവർപ്ലെയിൽ 40 റൺസിന് ഒരു വിക്കറ്റ് നഷ്ടമായാലും അതൊരു ഭേദപ്പെട്ട സ്കോറാണ്. പാക്കിസ്ഥാനെതിരെ 31 റൺസിനിടക്ക് നമ്മുടെ നാല് വിക്കറ്റുകൾ നഷ്ടമായിരുന്നു.”- സുനിൽ ഗവാസ്കർ ഓർമിപ്പിക്കുന്നു. ഇന്ന് 12 30നാണ് ഇന്ത്യയുടെ സൂപ്പർ 12ലെ രണ്ടാം മത്സരം നടക്കുന്നത്.