വിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ വമ്പൻ തിരിച്ചുവരവായിരുന്നു ഇന്ത്യയുടെ സ്പിന്നർ കുൽദീപ് യാദവ് നടത്തിയത്. ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ നിശ്ചിത നാല് ഓവറുകളിൽ വെറും 12 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ കുൽദീപ് നേടുകയുണ്ടായി. മത്സരത്തിൽ കുൽദീപിന് പുറമെ അക്ഷർ പട്ടേലും രവി ബിഷണോയും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ കുൽദീപിന്റെ ഈ മിന്നും പ്രകടനം ഇന്ത്യൻ സെലക്ടർമാർക്ക് കൂടുതൽ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.
യുസ്വേന്ദ്ര ചാഹൽ ഇന്ത്യയുടെ പ്രധാന സ്പിന്നറാണ്. അദ്ദേഹത്തിന് കൂട്ടായി ഒരു സ്പിന്നറെ കൂടെയേ ഇന്ത്യക്ക് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. കുൽദീപിന്റെ മികച്ച പ്രകടനത്തോടെ ചാഹലിനോപ്പം കുൽദീപിനെയും കളിപ്പിക്കേണ്ട അവസ്ഥയാണ് ഇന്ത്യക്ക് വന്നിരിക്കുന്നത്.
“നമ്മൾ എല്ലാ ആയുധങ്ങളും പ്രയോഗിക്കുകയും എല്ലാം വിജയം കാണുകയും ചെയ്താൽ, അതിൽ നിന്ന് ഒരെണ്ണം കണ്ടെത്താൻ ആവശ്യപ്പെട്ടാൽ അത് പ്രയാസകരമാണ്. അശ്വിന് അവസരം നല്കിയപ്പോൾ അശ്വിൻ നന്നായി കളിച്ചു. ഇപ്പോൾ കുൽദീപും കിട്ടിയ അവസരം അങ്ങേയറ്റം നന്നായി ഉപയോഗിച്ചതോടെ ഇന്ത്യയുടെ ടീം സെലക്ഷൻ വലിയ പ്രശ്നമായിരിക്കുകയാണ്.” – മഞ്ജരേക്കർ പറയുന്നു.
എന്നിരുന്നാലും ചാഹലും കുൽദീപും ഒരുമിച്ച് ഒരു ട്വന്റി20യിൽ ഇറങ്ങാൻ സാധ്യതയില്ല എന്ന് തന്നെയാണ് മഞ്ജരേക്കർ പറഞ്ഞുവയ്ക്കുന്നത്. “ഞാനിപ്പോഴും കരുതുന്നത് ട്വന്റി 20 ലോകകപ്പിൽ കുൽദീപിനെയും ചാഹലിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കില്ല എന്നുതന്നെയാണ്. ലോകകപ്പിൽ കുറച്ചധികം നിയന്ത്രണങ്ങളുള്ള ഒരു സ്പിന്നറെ ഇന്ത്യയ്ക്ക് ആവശ്യമായിവരും. അവിടെയാണ് അക്ഷർ പട്ടേലിന്റെയും അശ്വിന്റെയും സേവനം ഇന്ത്യയ്ക്ക് ആവശ്യമായി വരിക”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു.