ലോകകപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് ഒരുപാട് ആത്മവിശ്വാസം പകരുന്ന ഒന്നാണ് മുൻനിര ബാറ്റർ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് ഫോം. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യയ്ക്കായി അങ്ങേയറ്റം മികച്ച പ്രകടനങ്ങൾ തന്നെയാണ് സൂര്യകുമാർ യാദവ് കാഴ്ചവച്ചിട്ടുള്ളത്. നിലവിലെ ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങിൽ രണ്ടാമനായ സൂര്യകുമാർ യാദവ് ഈ വർഷം തന്നെ 700 റൺസിന് മുകളിൽ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമായ സൂര്യകുമാർ യാദവ് ഇന്ത്യയെ സംബന്ധിച്ച് നാലാം നമ്പറിൽ അങ്ങേയറ്റം യോജിച്ച ക്രിക്കറ്ററാണ് എന്നാണ് മുൻ ഇന്ത്യൻ ബാറ്റർ മുഹമ്മദ് കൈഫ് പറയുന്നത്.
കഴിഞ്ഞ മത്സരങ്ങളിലടക്കും സൂര്യകുമാർ പുറത്തെടുത്ത ബാറ്റിംഗ് ശൈലിയെ പ്രശംസിച്ചുകൊണ്ടായിരുന്നു മുഹമ്മദ് കൈഫ് തന്റെ ട്വീറ്റ് രേഖപ്പെടുത്തിയത്. “ടോപ് ക്ലാസ് പേസർമാർ, സ്പിന്നർമാർ, ടേണിങ് പിച്ചുകൾ, ദുർഘടമായ മത്സര സാഹചര്യങ്ങൾ ഇതൊന്നും തന്നെ സൂര്യകുമാർ യാദവിനെ ബാധിക്കുന്നില്ല. ഒരുപക്ഷേ അയാൾ ഓറഞ്ച് ക്യാപ്പോ മാൻ ഓഫ് ദി മാച്ചോ നേടില്ലായിരിക്കാം. പക്ഷേ അയാൾ നമുക്ക് വേണ്ടി മത്സരങ്ങൾ ജയിക്കും. അതിനാൽ നാലാം നമ്പർ അയാൾക്ക് യോജിച്ചതാണ്. കുറച്ചധികം കാലത്തേക്ക് നാലാം നമ്പറിൽ നിന്ന് സൂര്യകുമാർ മാറില്ല.”- കൈഫ് പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ നാലാം നമ്പറിൽ തന്നെയായിരുന്നു സൂര്യകുമാർ ബാറ്റ് ചെയ്യാൻ എത്തിയത്. 17 ന് 2 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ടീമിനായി കെ എൽ രാഹുലിനൊപ്പം ചേർന്ന് 97 റൺസിന്റെ കൂട്ടുകെട്ടാണ് സൂര്യകുമാർ യാദവ് മത്സരത്തിൽ നേടിയത്. മത്സരത്തിൽ 33 പന്തുകളിൽ 50 റൺസ് സൂര്യകുമാർ യാദവ് നേടി. ഈ മികവിൽ 107 എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.
മത്സരത്തിലൂടെ ഒരുപാട് റെക്കോർഡുകളും സൂര്യകുമാർ മറികടക്കുകയുണ്ടായി. ഒരു കലണ്ടർ വർഷം ഇന്ത്യൻ ടീമിനായി ട്വന്റി20യിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായി സൂര്യകുമാർ മാറിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോർഡും സൂര്യകുമാർ യാദവ് സ്വന്തമാക്കി. വരുന്ന ലോകകപ്പിലും സൂര്യകുമാർ ഈ ഫോം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.