കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ ക്രിക്കറ്റിൽ കണ്ടു വരുന്ന ഒരു കാര്യമാണ് ഇടവേള. ജോലിഭാരത്തിന്റെ കാര്യം വിശദീകരിച്ച് ഇന്ത്യ തങ്ങളുടെ കളിക്കാർക്കും കോച്ചിനും സ്ഥിരമായി വിശ്രമം അനുവദിക്കുന്നു. പലപ്പോഴും ഇങ്ങനെ വിശ്രമത്തിനുശേഷം തിരികെയെത്തിയ താരങ്ങൾ മോശം പ്രകടനങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്. ഇങ്ങനെ കളിക്കാർക്ക് ഇടയ്ക്ക് വിശ്രമം നൽകുന്ന ചടങ്ങ് ഇന്ത്യ നിർത്തലാക്കണമെന്ന് മുൻ ഇന്ത്യൻ താരം രീതിന്ദർ സോധി പറയുന്നു.
മുൻപ് ട്വന്റി20 ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലും സീനിയർ താരങ്ങളും കോച്ചും വിശ്രമമെടുത്തിരുന്നു. പലപരമ്പരകളില ഹർദിക്ക് പാണ്ട്യക്ക് വിശ്രമം അനുവദിച്ചതിനെയും സോധി ചോദ്യം ചെയ്യുന്നു. “ഹർദിക്ക് മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇടവേളയെടുത്ത ശേഷം തിരികെ വന്നതോടെ ബാറ്റിങ്ങിലും ബോളിങ്ങിലും മോശം പ്രകടനങ്ങൾ നടത്തി. ഐപിഎല്ലിലെ ഹീറോയിസത്തിനുശേഷം അയാൾ ഇന്ത്യയുടെ നായകനായി. പക്ഷേ അയാളുടെ ഗ്രാഫ് താഴ്ന്നുവരികയാണ്. ഹർദിക്കിനെ പോലെയുള്ള കളിക്കാർ ടീമിൽ കളിക്കണം. ഇടവേളയെടുക്കുന്ന ചടങ്ങ് നിർത്തലാക്കണം.”- സോധി സൂചിപ്പിക്കുന്നു.
കളിക്കാരുടെ ഫിറ്റ്നസും ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതായി ഇന്ത്യൻ താരം സാബാ കരീം പറഞ്ഞിരുന്നു. ” ബുമ്രയ്ക്കും ഷാമിയ്ക്കും പരിക്കുപറ്റിയ സാഹചര്യത്തിൽ ഇന്ത്യ പുതിയ ബോളർമാരെ കണ്ടെത്തണം. നമ്മൾ അങ്ങനെ ചിന്തിക്കണം. സ്പിന്നർമാരുടെ കാര്യത്തിലും ഇതുണ്ടാവണം. ആരൊക്കെയാണോ നമ്മുടെ മുൻനിര സ്പിന്നർമാർ അവർ എല്ലാ മത്സരവും കളിക്കണം. “- കരീം പറയുന്നു.
ഇതോടൊപ്പം രജത് പട്ടിദാറിനെയും രാഹുൽ ത്രിപാതിയെയും ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തുന്നതിനേയും സാബാ കരീം വിമർശിച്ചു. ത്രിപാതി ഒരു ട്വന്റി20 സ്പെഷ്യലിസ്റ്റ് ആണെന്നും, അയാളെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയത് മണ്ടത്തരമാണെന്നും കരീം പറയുന്നു.