ലോകകപ്പിൽ ഇന്ത്യൻ പേസ് നിര തീയായി മാറും!! മുൻ പാക് താരം പറയുന്നു

   

ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിലെ ഉഗ്രൻ ഫൈനൽ ഓവറിന്റെ സാഹചര്യത്തിൽ ഒരുപാട് പ്രശംസകളാണ് മുഹമ്മദ് ഷാമിക്ക് വന്നുചേരുന്നത്. ഷാമിയുടെ അവസാന ഓവറിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 6 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. വലിയ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ഷാമിയിൽ നിന്നും ഇത്ര മികച്ച പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് വസ്തുത. ഇപ്പോൾ മുൻ പാക് താരം ഡാനിഷ് കനേറിയയാണ് മുഹമ്മദ് ഷാമിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഷാമിയുടെ മികച്ച ഫോം ലോകകപ്പിൽ ഇന്ത്യയ്ക്ക് വളരെയേറെ സഹായകരമാകും എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്.

   

“ഡ്രസ്സിംഗ് റൂമിൽ നിന്ന് പെട്ടെന്ന് വന്ന് ബോൾ ചെയ്യുക എന്നത് അത്ര നിസ്സാരകാര്യമല്ല. മാത്രമല്ല അയാൾ അവസാന ഓവർ ഏറ്റവും മികച്ച രീതിയിൽ തന്നെ എറിയുകയും ചെയ്തു. മത്സരത്തിൽ ഹർഷൽ പട്ടേലും കുറച്ച് മെച്ചപ്പെട്ടതായി തോന്നി. കൃത്യമായ താളമൊന്നും കണ്ടെത്തിയില്ലെങ്കിലും തന്റെ യോർക്കറുകൾ കൃത്യമായി എറിയാൻ ഹർഷലിന് സാധിച്ചിരുന്നു. ഒരുപക്ഷേ ലോകകപ്പ് ആരംഭിച്ചാൽ ഇന്ത്യയുടെ പേസ് അറ്റാക്ക് അപകടകരമായ ഒന്നായി മാറിയേക്കാം. ഇപ്പോളത് ഒരു നല്ല ബാലൻസുള്ള ബോളിംഗ് യൂണിറ്റായി തോന്നുന്നുണ്ട്.”- കനേറിയ പറഞ്ഞു.

   

“ഭൂവനേശ്വർ കുമാറും അല്പം താളം കണ്ടെത്തിയതായി സന്നാഹ മത്സരത്തിൽ കാണാമായിരുന്നു. അതേ താളത്തിൽ തന്നെ അയാൾ ലോകകപ്പിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഏഷ്യാകപ്പിൽ ഷാമിയുടെ സേവനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതായും തോന്നുന്നു. എന്തായാലും ലോകകപ്പിൽ അയാൾ മികച്ച പ്രകടനം നടത്തും.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിൽ ഓരോവർ മാത്രമായിരുന്നു മുഹമ്മദ് ഷാമി ബോൾ ചെയ്തത് ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഷമിക്ക് കൂടുതൽ ഓവറുകൾ നൽകാനാണ് സാധ്യത. നാളെയാണ് ഇന്ത്യയുടെ ന്യൂസിലൻഡിതിരായ രണ്ടാം സന്നാഹമത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *