ഇന്ത്യക്കെതിരെ സിംബാബ്വെ ഒരുക്കുന്നത് ചതിക്കുഴി!! തന്ത്രങ്ങൾ കേട്ട് നോക്ക്
ഇന്ത്യ-സിംബാബ്‌വെ പരമ്പര ഈ മാസം 18ന് ആരംഭിക്കാനിരിക്കെ വലിയ പ്രതീക്ഷയിൽ തന്നെയാണ് സിംബാബ്‌വെ ടീം കളിക്കുന്നത്. ബംഗ്ലാദേശിനെതിരായ ഏകദിനപരമ്പരയിലും ട്വന്റി20 പരമ്പരയിലും അടിച്ചുതൂക്കിയ സിംബാബ്‌വെ ഇന്ത്യയ്ക്കെതിരെയും വിജയം കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സിംബാബ്‌വെയുടെ പ്രധാന പോസിറ്റീവ് ആയിരുന്നു അവരുടെ സ്റ്റാർ ഓൾറൗണ്ടർ സിക്കന്ദർ റാസ. പരമ്പരയിലെ മൂന്ന് ഏകദിനമത്സരങ്ങളിൽ നിന്ന് 252 റൺസും 5 വിക്കറ്റുകളുമായിരുന്നു റാസ നേടിയത്.
ഇന്ത്യയെ സംബന്ധിച്ചും റാസയുടെ ഫോം ആശങ്കതന്നെയാണ്. എന്നാൽ ഇന്ത്യയ്ക്കെതിരെ സിംബാബ്‌വെയുടെ പ്ലാനുകളെകുറിച്ച് വിശദീകരിക്കുകയാണ് റാസ ഇപ്പോൾ. പ്രധാനമായും തങ്ങൾ ഓരോ ഇന്ത്യക്കാരുടെയും പ്രകടനരീതി കണ്ടു മനസ്സിലാക്കിയ ശേഷമാവും മത്സരത്തിലേക്ക് കടക്കുക എന്നാണ് റാസ പറയുന്നത്. “ഞങ്ങൾ ഇന്ത്യൻ കളിക്കാരുടെ വീഡിയോ ഫൂട്ടേജ് കാണുകയും വിശകലനങ്ങൾ നടത്തുകയും ചെയ്യും.
ഓരോ കളിക്കാർക്കും, എതിർടീമിലെ ഓരോരുത്തർക്കുമായി വ്യത്യസ്തമായ തന്ത്രങ്ങളാണ് ഉണ്ടാവുക. അതിനാൽതന്നെ എല്ലാവരും ഒരു തന്ത്രം ആവിഷ്കരിക്കുന്നതിൽ കാര്യമില്ല.” – റാസ പറയുന്നു. “ഇതൊരു നിലവാരമുള്ള ഇന്ത്യൻ ടീമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ ശ്രമിക്കേണ്ടത് അവർക്കെതിരെ ആ ദിവസം ഞങ്ങളുടെ എല്ലാ കഴിവും പുറത്തെടുക്കാൻ തന്നെയാണ്. ഞങ്ങൾക്ക് അതിനു സാധിക്കും എന്ന് വലിയ പ്രതീക്ഷയുണ്ട്.
ആ ദിവസത്തെ മനോഭാവത്തിലാണ് കാര്യം.” റാസ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രധാന കളിക്കാരിൽ പലരും ടീമിൽ അണിനിരക്കുന്നില്ലെങ്കിലും വളരെ വ്യത്യസ്തമായ ടീം കോമ്പിനേഷനാണ് ഇന്ത്യയുടേത്. വിൻഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരി വരുന്ന ഇന്ത്യയോട് , ബംഗ്ലാദേശിനെ എല്ലാത്തരത്തിലും ഞെട്ടിച്ചു വരുന്ന സിംബാബ്വ ഏറ്റുമുട്ടുമ്പോൾ ഒരു അട്ടിമറിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.