ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഒരുപാട് പ്രവചനങ്ങളാണ് ഉണ്ടാവുന്നത്. പല മുൻ ക്രിക്കറ്റർമാരും സെമിയിൽ ഇന്ത്യ വിജയിക്കുമെന്ന് വിധിയെഴുതുമ്പോൾ, മറ്റുപലരും ഇംഗ്ലണ്ടിന്റെ ഒരു തേരോട്ടമാണ് പ്രവചിക്കുന്നത്. ഇപ്പോൾ ഇന്ത്യ-ഇംഗ്ലണ്ട് സെമിയിലെ വിജയികളെ പറ്റി തന്റെ അഭിപ്രായം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി. മത്സരത്തിൽ ഇംഗ്ലണ്ട് ജയിക്കാനുള്ള സാധ്യതയാണ് ഷാഹിദ് അഫ്രീദി പങ്കുവെക്കുന്നത്.
ഒരു പാക്കിസ്ഥാൻ മാധ്യമത്തിനോടാണ് അഫ്രീദി തന്റെ അഭിപ്രായം അറിയിച്ചത്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിൽ 65% സാധ്യതയും ഇംഗ്ലണ്ട് വിജയിക്കാനാണ് എന്ന് അഫ്രീദി പറയുന്നു. “ഇരുടീമുകൾക്കും നല്ല ബാലൻസുണ്ട്. ഇരുടീമുകളും മികച്ച രീതിയിൽ ടൂർണമെന്റിൽ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അവരുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങളും മികച്ചതാണ്. പക്ഷേ എന്റെ അഭിപ്രായത്തിൽ ഇന്ത്യയ്ക്കുമേൽ ഇംഗ്ലണ്ടിന് ഒരു 60-65 ശതമാനം സാധ്യതകളുണ്ട്.”- ഷാഹിദ് അഫ്രീദി പറഞ്ഞു.
ഇതോടൊപ്പം ഇംഗ്ലണ്ടിന്റെ ബോളിംഗ്-ബാറ്റിംഗ് ഘടനയാണ് മികച്ചതെന്നും അഫ്രീദി പറയുന്നു. “എന്തൊക്കെയായാലും ഇതൊരു വലിയ മത്സരമാണ്. ടീമുകൾ ഒരുപാട് തെറ്റുകൾ വരുത്താൻ പാടില്ല. ടീമിലെ 11 പേരും തങ്ങളുടെ 100% പ്രകടനവും പുറത്തെടുത്താൽ മാത്രമേ വിജയിക്കാൻ സാധിക്കൂ.”- ഷാഹിദ് അഫ്രീദി പറയുന്നു.
ഇന്ത്യയെ സംബന്ധിച്ച് മുൻനിരയിൽ കെഎൽ രാഹുലും വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും മികച്ച ഫോമിലാണുള്ളത്. അർഷദീപ് നേതൃത്വം നൽകുന്ന ബോളിഗ് നിരയും മികച്ച ഫോമിലാണ്. എന്നിരുന്നാലും എല്ലാ കളിക്കാരിൽ നിന്നും ഇതിലും മികച്ച പ്രകടനങ്ങളാണ് സെമിഫൈനലിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്.