ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിൽ ഭേദപ്പെട്ട ബോളിംഗ് പ്രകടനമായിരുന്നു സീമർ ദീപക് ചാഹർ നടത്തിയത്. ഇന്ത്യൻ ബോളർമാർ പൊതിരെ തല്ലുകൊണ്ട മത്സരത്തിൽ ചാഹറിന്റെ പ്രകടനം മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസമായത്. ആദ്യ ഓവറുകളിൽ കൃത്യമായി സ്വിങ് കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ കറക്കിയ ചാഹർ തന്റെ രണ്ടാം വരവിലും കൃത്യമായി ലൈനിലും ലെങ്തിലും എറിയാൻ ശ്രമിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിൽ ചാഹറിന്റെ ഈ കിടിലൻ ബൊളിങ്ങാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയത് എന്നാണ് മുൻ ഇന്ത്യൻ സിമർ ആശിഷ് നെഹ്ര പറയുന്നത്.
നേരത്തെ പഴയബോളിൽ ചാഹറിന് മികവുകാട്ടാൻ പറ്റാത്തതിനെ സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു മറുപടി കൂടിയാണ് ചാഹർ മത്സരത്തിൽ നൽകിയത്. തന്റെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി ബോൾ ചെയ്യാൻ ചാഹറിന് സാധിച്ചു എന്നാണ് നെഹ്റ പറയുന്നത്. “ദീപക് ചാഹറിന്റെ ശക്തി എന്നത് അയാളുടെ സ്വിങ് ബോളിംഗാണ്. കൂടാതെ മികച്ച സീം പൊസിഷനും.
ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളിൽ കൃത്യമായി വിക്കറ്റ് കണ്ടെത്താനും എതിർ ടീമിനെ പിന്നിലാക്കാനും ചാഹറിന് സാധിക്കുന്നുണ്ട്.” – നെഹ്റ പറയുന്നു. “മത്സരത്തിൽ രണ്ടാം സ്പെല്ലിലും നന്നായി ബോൾ ചെയ്യാൻ ചാഹറിന് സാധിച്ചു. മികച്ച വേരിയേഷനുകളോടെയാണ് അയാൾ ബോൾ ചെയ്തത്. ബാറ്റർമാർക്ക് അനായാസം റൺസ് കണ്ടെത്താൻ സാധിച്ചതുമില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യത്തിൽ എത്തിപ്പെടാനാകാതെ വന്നതിന്റെ പ്രധാനകാരണം ചാഹർ തന്നെയായിരുന്നു.”- നെഹ്റ കൂട്ടിച്ചേർത്തു. മത്സരത്തിൽ നിശ്ചിത നാല് ഓവറുകളിൽ 24 റൺസ് മാത്രമായിരുന്നു ദീപക് ചാഹർ വഴങ്ങിയത്. പവർപ്ലെയിലെ ആദ്യ ഓവർ ചാഹർ മെയ്ഡനാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ മറ്റ് രണ്ട് ഇന്ത്യൻ സീം ബോളർമാരുടെയും എക്കണോമി 11 റൺസായിരുന്നു.