ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ വ്യത്യസ്തവും നിരാശാജനകവുമായ വർഷമായിരുന്നു 2022. ലോകകപ്പിന്റെ അടിസ്ഥാനത്തിൽ കൂടുതലായും ട്വന്റി20 മത്സരങ്ങളായിരുന്നു ഇന്ത്യ 2022ൽ കളിച്ചത്. എന്നിട്ടും ഏഷ്യാകപ്പിലും ട്വന്റി20 ലോകകപ്പിലും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. 2023ലേക്ക് വരുമ്പോഴും മത്സരങ്ങൾക്ക് ഒരുപാട് പിന്നിലല്ല ഇന്ത്യ. 50 ഓവർ ലോകകപ്പും ഏഷ്യാകപ്പുമടക്കമുള്ള വലിയ ടൂർണമെന്റുകളും, ഒരുപാട് ദ്വിരാഷ്ട്രപരമ്പരകളും ഇന്ത്യക്ക് 2023ൽ ഉണ്ട്.
ശ്രീലങ്കക്കെതിരായി നാളെ ആരംഭിക്കുന്ന ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യയുടെ 2023ലെ ക്യാമ്പയിൻ ആരംഭിക്കുന്നത്. ജനുവരിയിൽ 3 ട്വന്റി20കൾ അടങ്ങുന്ന പരമ്പരയും, 3 ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയുമാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുക. ശേഷം ജനുവരി 18ന് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പരമ്പരയും ആരംഭിക്കും. ഇതിലും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും അടങ്ങുന്നു. ഫെബ്രുവരി ഒന്നിനാണ് പരമ്പര അവസാനിക്കുക.
ഏറ്റവും നിർണായകമായ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഫെബ്രുവരി 9നാണ് ആരംഭിക്കുന്നത്. ശേഷം മൂന്ന് ഏകദിനങ്ങളും ഓസ്ട്രേലിയ ഇന്ത്യക്കെതിരെ കളിക്കും. ശേഷം മാർച്ചിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കും. പിന്നീട് ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കും. ഇതിൽ ഇന്ത്യയ്ക്ക് കളിക്കാനാവുമോ എന്ന് പറയാറായിട്ടില്ല.
ജൂലൈയിൽ വിൻഡിസിനെതിരെ ഒരു വലിയ പരമ്പര ഇന്ത്യ കളിക്കും. ശേഷം സെപ്റ്റംബറിൽ 2023ലെ ഏഷ്യാകപ്പ് നടക്കും. ശേഷം ഒക്ടോബറിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയുമായി വീണ്ടും ഏകദിന പരമ്പരയുണ്ട്. പിന്നീട് ലോകം കാത്തിരിക്കുന്ന 50 ഓവർ ലോകകപ്പ് ഒക്ടോബറിൽ ആരംഭിക്കും. ശേഷം ഈ വർഷം ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കെതിരെയും അവരുടെ നാട്ടിലും ഇന്ത്യക്ക് പരമ്പരകളുണ്ട്.