2023ലെ 50 ഓവർ ലോകകപ്പിൽ ഏറ്റവും പ്രതീക്ഷയുള്ള ടീം തന്നെയാണ് ഇന്ത്യ. ടൂർണമെന്റ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ ഇന്ത്യ ലോകകപ്പ് നേടാൻ വലിയ സാധ്യതയുമുണ്ട്. ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ സ്പിന്നർമാർക്ക് ലഭിക്കുന്ന സഹായം ഇതിന് മാനദണ്ഡമാണ്. എന്നാൽ 2023 ലോകകപ്പിൽ ഇന്ത്യ ജേതാക്കളാവാനുള്ള സാധ്യതകളെപ്പറ്റി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര സംസാരിക്കുകയുണ്ടായി. കാര്യങ്ങൾ 2011ലെത് പോലെയല്ലെന്നും വലിയ വെല്ലുവിളികൾ ഇന്ത്യയ്ക്ക് മുൻപിൽ ഉണ്ടെന്നും സംഗക്കാര പറയുന്നു.
2011ലെ ലോകകപ്പിൽ ശ്രീലങ്കൻ ടീമിന്റെ നായകനായിരുന്നു കുമാർ സംഗക്കാര. “2011 ന് ശേഷം ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ആ സമയങ്ങളിൽ ഏഷ്യയിലെ സാഹചര്യങ്ങൾ ഉപഭൂഖണ്ഡത്തിലെ ബാറ്റർമാർക്ക് ഒരുപാട് സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ന്യൂസിലാൻഡിനെയും കളിക്കാർ എങ്ങനെ സ്പിന്നിനെതിരെ കളിക്കണമെന്ന് പഠിച്ചു. ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ സ്പിന്നിനെ നേരിടാൻ ഇപ്പോൾ അവർക്ക് സാധിക്കും.”- സംഗക്കാര പറയുന്നു.
ഇന്ത്യൻ സാഹചര്യങ്ങളിൽ കളിക്കാൻ ഐപിഎൽ വലിയ രീതിയിൽ വിദേശ താരങ്ങളെ സഹായിച്ചിട്ടുണ്ടെന്നും സംഗക്കാര പറയുകയുണ്ടായി. “ഇപ്പോൾ നമുക്ക് ഒരുപാട് ന്യൂതന ഷോട്ടുകൾ കളിക്കാൻ സാധിക്കും. ഇത് ഉപഭൂഖണ്ഡത്തിലെ ക്രിക്കറ്റിൽ ഒരുപാട് വിപ്ലവങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎൽ ഇത്തരത്തിൽ കളിക്കാരെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.”- സംഗക്കാര കൂട്ടിച്ചേർക്കുന്നു.
ഈ വർഷം അവസാനമാണ് 50 ഓവർ ലോകകപ്പ് നടക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. പല ടീമുകളും തങ്ങളുടെ അടിസ്ഥാനപരമായ നിരയെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിൽ തന്നെയാണ്. അതിനാൽ സംഗക്കാരയുടെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്.