ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമാണ് പ്ലെയിങ് ഇലവനിൽ റിഷാഭ് പന്തിന്റെ അഭാവം. ഇന്ത്യൻ നിരയിൽ പന്ത് ഉറപ്പായും സ്ഥാനംപിടിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ നിർഭാഗ്യവശാൽ പന്തിന് പകരം ദിനേശ് കാർത്തിക്കാണ് ടീമിൽ കളിച്ചത്. എന്തുകൊണ്ടാണ് പന്തിന് പകരം കാർത്തിക്കിനെ ഇന്ത്യ തിരഞ്ഞെടുത്തത് എന്ന ചോദ്യം പിന്നീട് പലയിടത്തും ഉയർന്നിരുന്നു. ഇതിനുള്ള ഉത്തരമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം സാബാ കരീമാണ്.
ഇന്ത്യൻ ടീം ദിനേഷ് കാർത്തിക്കിനെ മാത്രം ഫിനിഷറായി കാണാൻ ശ്രമിക്കുന്നതാണ് പന്തിനെ ടീമിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന് സാബാ കരീം പറയുന്നു. അങ്ങനെ വരുമ്പോൾ ടീമിൽ പന്തിന് സ്ഥാനം ലഭിക്കാതെ വരുന്നുവെന്നും കരീം കൂട്ടിച്ചേർക്കുന്നു. “ഒരു കാര്യം വ്യക്തമാണ്. ടീം മാനേജ്മെന്റ് വിചാരിക്കുന്നത് ദിനേശ് കാർത്തിക് ആറാം നമ്പറിന് അർഹനാണെന്നും അയാൾക്ക് ഫിനിഷർ റോൾ കളിക്കാൻ സാധിക്കുമെന്നുമാണ്.”- കരീം പറയുന്നു.
“ഋഷഭ് പന്ത് ഒരു ജനുവിൻ ഫിനിഷറായി ടീമിന് തോന്നിയിട്ടേയില്ല. ടീമിന്റെ കണക്കുകൂട്ടലിൽ റിഷഭ് ഒരു മിഡിൽ ഓവർ ബാറ്റർ തന്നെയാണ്. അതിനാൽ നിലവിൽ മിഡിൽ ഓർഡറിൽ സ്പോട്ടില്ല. ഇക്കാരണംകൊണ്ടാണ് ഇന്ത്യ പന്തിനെ പാകിസ്ഥാനെതിരായ മത്സരത്തിൽ പരിഗണിക്കാതിരുന്നത്. ഈ കോമ്പിനേഷനാണ് ഇന്ത്യ ഇനിയും തുടരുന്നതെങ്കിൽ പന്തിന് അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. രാഹുൽ തന്റെ ഫോം തിരിച്ചുപിടിച്ചില്ലെങ്കിൽ മാത്രമാണ് പന്തിന് സാധ്യത. അല്ലാതെ ടീമിലേക്ക് തിരിച്ചെത്താൻ പന്തിനു സാധിക്കില്ല.”- കരീം കൂട്ടിച്ചേർക്കുന്നു.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായിയായിരുന്നു രാഹുൽ മടങ്ങിയത്. സിംബാബ്വെക്കെതിരെയും രാഹുൽ മോശം ഫോമിൽ തന്നെയാണ് കളിച്ചത്. നിലവിൽ ഇന്ത്യൻ ഉപനായകനാണ് രാഹുൽ. രാഹുൽ ഇനിയും തന്റെ ഫോം കണ്ടെത്തിയില്ലെങ്കിൽ ഇന്ത്യ മറ്റു കളിക്കാരിലേക്ക് ശ്രദ്ധിക്കാനാണ് സാധ്യത.