ഇന്ത്യ ആദ്യം നേരിടേണ്ടത് ഓസ്ട്രേലിയയെ ഇത്തവണ ട്വന്റി20 ലോകകപ്പിൽ തീ പാറും

   

ട്വന്റി 20 ലോകകപ്പിനുള്ള പരിശീലന മത്സരങ്ങൾ പ്രഖ്യാപിച്ച് ഐസിസി. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായാണ് 16 ടീമുകളുടെയും പരിശീലനമത്സരം നിശ്ചയിച്ചിരിക്കുന്നത്. മെൽബണിലും ബ്രിസ്ബെയിനിലുമാണ് മുഴുവൻ ടീമുകളെയും പരിശീലന മത്സരങ്ങൾ നടക്കുക.

   

സൂപ്പർ 12ലേക്ക് നേരിട്ട് യോഗ്യത നേടിയ ടീമുകളുടെ പരിശീലന മത്സരങ്ങൾ ഒക്ടോബർ 17,19 തീയതികളിലാണ് നടക്കുന്നത്. ഒക്ടോബർ 10ന് ജംഗ്ഷൻ ഓവനിൽ വച്ച് വിൻഡീസും യുഎഇയും തമ്മിലാണ് ആദ്യ മത്സരം നടക്കുക. അതേദിവസം തന്നെ നെതർലൻഡ്സ് സ്കോട്ട്ലണ്ടിനെയും ശ്രീലങ്ക സിംബാബ്വേയെയും നേരിടും. ഇന്ത്യയുടെ ആദ്യ പരിശീലനം മത്സരം ഒക്ടോബർ 17നാണ് നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെയാണ് നേരിടുന്നത്.

   

ശേഷം ഒക്ടോബർ 19ന് ഇന്ത്യയുടെ രണ്ടാം പരിശീലനമത്സരം നടക്കും. ഗാബയിൽ വച്ച് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം പരിശീലന മത്സരം നടക്കുക. രണ്ട് ദിവസത്തെ പ്രധാന പരിശീലനങ്ങൾക്ക് ശേഷം ലോകകപ്പിലേക്ക് സൂപ്പർ 12 ടീമുകൾ പ്രവേശിക്കും. പരിശീലന മത്സരങ്ങളോന്നുംതന്നെ ഔദ്യോഗിക ട്വന്റി20 മത്സരങ്ങളായി കണക്കിൽ പെടുത്തില്ല. മത്സരങ്ങളിൽ ടീമുകൾക്ക് തങ്ങളുടെ കളിക്കാരെ മാറിമാറി പരിശീലനത്തിനിറക്കാവുന്നതാണ്.

   

ഒക്ടോബർ 16നാണ് 2022 ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം നടക്കുക. ഗിലോങ്ങിൽ വച്ച് നടക്കുന്ന മത്സരത്തിൽ ശ്രീലങ്ക നമീബിയയെ നേരിടും. പരിശീലന മത്സരങ്ങളിൽ ഇന്ത്യ ഓസ്ട്രേലിയയെയും ന്യൂസിലാൻഡിനെയും നേരിടുന്നത് ടീമിന് ഗുണം ചെയ്യാൻ സാധ്യതയുണ്ട്. ടൂർണമെന്റിൽ ആതിഥേയരായ ഓസ്ട്രേലിയയുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് വന്നുചേർന്നിരിക്കുന്നത്. എന്തായാലും ഏഷ്യാകപ്പിലെ പരാജയങ്ങളിൽ നിന്ന് ഇന്ത്യ ഉൾക്കൊണ്ട പാഠവങ്ങൾ ലോകകപ്പിൽ പ്രാധാന്യമുള്ളതാവും എന്നതാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *