നാളെ നടക്കാൻ പോകുന്ന ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ഇന്ത്യൻ ബാറ്റിംഗിന്റെ പുതിയ മനോഭാവത്തെ പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ ഇപ്പോൾ. കൃത്യമായ പ്ലാനിങ്ങോടെ ഏഷ്യാകപ്പ് മത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് അക്രമോത്സുക മനോഭാവം തന്നെയാണ് ആവശ്യമെന്ന് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നു. രോഹിത് ശർമയാണ് ഈ മനോഭാവത്തിലേക്ക് മറ്റ് ഇന്ത്യൻ കളിക്കാരെ നയിച്ചതെന്ന അഭിപ്രായവും കരീമിനുണ്ട്.
ഇന്ത്യ ന്യൂസ് സ്പോർട്സ്നോട് സംസാരിക്കവേയാണ് സാബാ കരീം രോഹിത്തിന്റെയും ഇന്ത്യൻ ടീമിന്റെയും ബാറ്റിംഗ് സമീപനത്തെക്കുറിച്ച് പറഞ്ഞത്. “ഇന്ത്യയുടെ ബാറ്റിംഗ് മനോഭാവത്തിൽ ഇപ്പോൾ കാണുന്ന ഒരു മാറ്റമുണ്ട്. രോഹിത് ശർമയാണ് അതിന് കാരണം. അദ്ദേഹം അദ്ദേഹത്തിന്റെ മനോഭാവം മാറ്റി. അത് മറ്റുള്ള കളിക്കാർക്കും തങ്ങളുടെ മനോഭാവം മാറ്റി കൂടുതൽ ആക്രമണോലിസുകമാകകാനുള്ള പ്രചോദനമായി മാറി.” കരീം പറയുന്നു.
“ഇതുതന്നെയാണ് രോഹിത്തിന്റെയും ഇന്ത്യൻ ടീമിനെയും മാറ്റം. രോഹിത് ഒരു മാതൃകയായി നയിച്ചതിനാൽ ഇന്ത്യൻ ബാറ്റർമാർക്ക് തങ്ങളുടെ സ്ട്രൈക്ക് റേറ്റ് ഉയർത്താൻ സാധിച്ചു. നേരത്തെ രോഹിത് ക്രീസിൽ കുറച്ചു സമയം ചെലവഴിക്കുകയും ശേഷം റൺസ് ഉയർത്തുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ആ സമീപനത്തിൽ മാറ്റം വരുത്തി ആദ്യ ബോൾ മുതൽ 140 സ്ട്രൈക്ക് റേറ്റിന് മുകളിൽ നേടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.” കരീം കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ പാകിസ്താനെതിരായ ഏഷ്യാകപ്പ് മത്സരത്തെക്കുറിച്ച് കരീം സംസാരിക്കുകയുണ്ടായി. രോഹിത് ഇന്ത്യയ്ക്ക് മികച്ച ഒരു തുടക്കം നൽകേണ്ടത് മത്സരത്തിൽ ആവശ്യമാണെന്നും, അത് മറ്റു ബാറ്റർമാർക്ക് പ്രചോദനമാകുമെന്നും കരീം കൂട്ടിച്ചേർക്കുന്നു. നാളെ വൈകിട്ട് 7 30നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം നടക്കുന്നത്.