ഇന്ത്യ 7 ക്യാപ്റ്റന്മാരുമായി കളിക്കാൻ പോയി!! വേണ്ടിയിരുന്നത് ഒരൊറ്റ ഉശിരൻ ക്യാപ്റ്റൻ!! ജഡേജ പറയുന്നു

   

ലോകകപ്പിൽ ഇന്ത്യക്കുണ്ടായ പരാജയത്തിൽ വലിയൊരു പങ്കുവഹിച്ചത് തീരുമാനങ്ങൾ എടുത്തതിലുണ്ടായ അപാകതകളായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ടീമിനെ മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. ഇതിൽ പലരും എടുത്തു പറയുന്നത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലുണ്ടായ ചില പ്രശ്നങ്ങളാണ്. ചാഹലിനെ മത്സരത്തിനിറക്കാത്തതും ആദ്യ ഓവറുകളിലെ മെല്ലെ പോക്കുമൊക്കെ ഇതിൽപ്പെടുന്നു. രോഹിത്തിനെതിരെ വിമർശനമുന്നയിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം അജയ് ജഡേജയാണ്.

   

പല അവസരങ്ങളിലും ഇന്ത്യ നായകന്മാരെ മാറ്റി പരീക്ഷിച്ചത് ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് വിനയായി എന്ന് ജഡേജ പറയുന്നു. “ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് രോഹിത്തിന് വേദനയുണ്ടാക്കും. നമ്മൾ ഒരാളെ ക്യാപ്റ്റനായി നിശ്ചയിച്ചാൽ അയാൾ ആ വർഷം മുഴുവനും ടീമിനൊപ്പം ഉണ്ടാവണം. കണക്കെടുത്തു പരിശോധിച്ചാൽ ഈ വർഷം എത്ര പരമ്പരകൾ രോഹിത് കളിച്ചു? ഇന്ത്യക്കുണ്ടായ പരാജയം കൊണ്ട് ഞാൻ പറയുന്നതല്ല. ഇതിനുമുമ്പും ഞാനിത് പറഞ്ഞിട്ടുണ്ട്. എന്തിന്, വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ദ്രാവിഡ് പോലും ടീമിനൊപ്പമില്ല.”- ജഡേജ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യയ്ക്ക് വേണ്ടത് ഏഴ് ക്യാപ്റ്റൻമാരെയല്ല ഒരു ക്യാപ്റ്റനെയാണെന്നും ജഡേജ പറയുകയുണ്ടായി. “ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഒരു ക്യാപ്റ്റനെയാണ് ആവശ്യം. ടീമിൽ 7 ക്യാപ്റ്റൻമാരുണ്ടെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രയാസകരമായി മാറും.”- ജഡേജ കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യക്ക് ഈ വർഷം പലപരമ്പരകളിലും പല നായകന്മാരായിരുന്നു ഉണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ പന്ത് ഇന്ത്യയെ നയിച്ചപ്പോൾ, അയർലണ്ടിനെതിരായ പരമ്പരയിൽ ഹർദിക് പാണ്ട്യയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റൻ. ഇത് ഇന്ത്യയെ ബാധിച്ചു എന്നാണ് ജഡേജ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *