ഏഷ്യാകപ്പിന് മുമ്പ് വരെ അത്ര മികച്ച ഫോമിലായിരുന്നില്ല ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി കളിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അദ്ദേഹം ഫോം കണ്ടെത്താൻ നന്നായി വിഷമിച്ചിരുന്നു. അതിന്റെ പേരിൽ വിരാട് കുറച്ചധികം വിമർശനങ്ങൾ കേൾക്കുകയുമുണ്ടായി. ഒപ്പം തുടർച്ചയായി വിരാട്ട് മോശം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും അയാളെ ടീമിൽ നിന്ന് പുറത്താക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ടീം മാനേജ്മെന്റും പഴികേട്ടു. പക്ഷേ ശേഷം വിരാട് ഒരുഗ്രൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. അന്ന് ഇന്ത്യ വിരാട്ടിനെ എഴുതിത്തള്ളാതെ പിന്തുണച്ചതിന്റെ ഫലമാണ് വിരടിന്റെ ഈ മികച്ച പ്രകടനങ്ങൾ എന്നാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പറയുന്നത്.
മികച്ച കളിക്കാർ എല്ലായ്പ്പോഴും ഇങ്ങനെ അവിസ്മരണീയമായ തിരിച്ചുവരവുകൾ നടത്തിക്കൊണ്ടേയിരിക്കുമെന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. “ക്രിക്കറ്റിന്റെ 3 ഫോർമാറ്റുകൾ എടുത്ത് പരിശോധിച്ചാലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചാമ്പ്യൻ കളിക്കാരൻ തന്നെയാണ് വിരാട് കോഹ്ലി. ഇത്തരം ചാമ്പ്യൻ കളിക്കാരെക്കുറിച്ച് ഞാൻ പഠിച്ച ഒരു കാര്യമുണ്ട്.
അവരെ നമുക്ക് ഒരു സമയത്തും എഴുതിത്തള്ളാനാവില്ല. അവർ തിരിച്ചുവരവുകൾ നടത്തും.”- പോണ്ടിംഗ് പറയുന്നു. “ഇത്തരം കളിക്കാർ മികച്ച പ്രകടനങ്ങളുമായി തിരികെവരാൻ എപ്പോഴും ഒരു വഴി കണ്ടെത്തികൊണ്ടേയിരിക്കും. പ്രത്യേകിച്ച് വലിയ സ്റ്റേജുകളിലേക്ക് വരുമ്പോൾ. കോഹ്ലിയുടെ മോശം ഫോമിലും ഇന്ത്യ നൽകിയ പിന്തുണയുടെ പ്രതിഫലമാണ് അയാൾ ഇപ്പോൾ നൽകുന്നത്.
ഇന്ത്യ ലോകകപ്പിന്റെ അടുത്തഘട്ടത്തിലേക്ക് പോയാൽ ഇന്ത്യക്കായി അടുത്ത മത്സരങ്ങളിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കാൻ പോകുന്നത് വിരാട് തന്നെയാവും.”- പോണ്ടിങ് കൂട്ടിച്ചേർക്കുന്നു. 2022ലെ ലോകകപ്പിൽ ഇതുവരെ 4 ഇന്നിങ്സുകളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽ 220 റൺസും വിരാട് കോഹ്ലി നേടിയിട്ടുണ്ട്. ഒപ്പം ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ ക്രിക്കറ്ററും കോഹ്ലി തന്നെയാണ്.