ഇന്ത്യ കോച്ചായി വിദേശപരിശീലകരെ നിയമിക്കരുത്!! അവർ ഇന്ത്യൻ ക്രിക്കറ്റിനെ ഇല്ലായ്മ ചെയ്യും – ഗംഭീർ

   

ഇന്ത്യ തങ്ങളുടെ കഴിഞ്ഞ സമയങ്ങളിലൊക്കെയും വിദേശതാരങ്ങളെയായിരുന്നു പരിശീലകരായി നിയമിച്ചിട്ടുള്ളത്. ഡങ്കൻ ഫ്ലച്ചറും ജോൺ റൈറ്റും ഗാരി ക്രിസ്റ്റനുമൊക്കെ കാലാകാലങ്ങളിൽ ഇന്ത്യയുടെ കോച്ചായി എത്തിയിരുന്നു. എന്നാൽ ശേഷം ഇന്ത്യ രവി ശാസ്ത്രിയെയും ദ്രാവിഡിനെയും കോച്ചായി നിയമിച്ചു. ഇരുവർക്കും ഇതുവരെ ഐസിസി ടൂർണമെന്റുകൾ നേടാൻ സാധിച്ചില്ല എന്നത് വസ്തുത തന്നെയാണ്. ഈ അവസരത്തിൽ ഇന്ത്യ തിരികെ വിദേശ പരിശീലകരിലേക്ക് പോകേണ്ടതുണ്ട് എന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനെതിരെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

   

ഇന്ത്യയ്ക്ക് വിദേശ പരിശീലകരെ ആവശ്യമില്ലെന്നും അവർ ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കുമെന്നും ഗൗതം ഗംഭീർ പറയുന്നു. “നമുക്ക് നമ്മുടെ ടീമിനായി വിദേശ പരിശീലകരെ ആവശ്യമില്ല. അവർ നമ്മുടെ ടീമും നമ്മുടെ ക്രിക്കറ്റും ഇല്ലാതാക്കും. ഇന്ത്യൻ പരിശീലകർക്ക് എന്താണ് പ്രശ്നം? അവർ ചെയ്ത തെറ്റ് എന്താണ്? 2007ൽ നമ്മൾ ലോകകപ്പ് വിജയിച്ചത് ലാൽ ചന്ദ് രാജ്പുട്ടിന്റെ കീഴിലാണ്.”-ഗൗതം ഗംഭീർ പറഞ്ഞു.

   

ഇതോടൊപ്പം ആ സമയത്ത് ഉണ്ടായ ഇന്ത്യയുടെ മറ്റു പല വിജയങ്ങളെപറ്റിയും ഗംഭീർ പറയുന്നു. “നമ്മൾ ഓസ്ട്രേലിയയിൽ ആദ്യമായി CB സീരീസ് സ്വന്തമാക്കിയിരുന്നു. അന്നും നമ്മുടെ കോച്ച് ലാൽ ചന്ദ് രാജ്പുട്ട് ആയിരുന്നു. എന്നാൽ എല്ലാവരും ഓർക്കാൻ ശ്രമിക്കുന്നത് 2011ലെ ലോകകപ്പ് വിജയവും ഗാരി ക്രിസ്റ്റൻ എന്ന കോച്ചിനെയും മാത്രമാണ്.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം 2007ലെയും 2011ലെയും ലോകകപ്പ് വിജയങ്ങൾക്ക് ഇന്ത്യയെ സഹായിച്ചത് സഹീർ ഖാനും ഹർഭജൻ സിംഗുമടക്കമുള്ള ബോളർമാരാണെന്ന് ഗംഭീർ പറയുന്നു. ഇന്ത്യയുടെ ബാറ്റർമാരെ പോലെ അവരും ലോകകപ്പിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നതായും ഗംഭീർ ഓർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *