ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ പ്രധാന പോരായ്മയായിരുന്നു ബോളിംഗ് വിഭാഗം. മത്സരത്തിൽ സീം ബോളർമാർ നന്നായി തല്ലുവാങ്ങുകയുണ്ടായി. ആവേഷ് ഖാനും അർഷദീപ് സിങ്ങും മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിസന്ധിയിൽ തന്നെയാണ്. ഇന്ത്യയുടെ സ്ക്വാഡിൽ 3 സീം ബോളർമാർ മാത്രമേയുള്ളുവെന്നിരിക്കെ ഭുവനേശ്വർ കുമാർ മാത്രം മികച്ച പ്രകടനം കാഴ്ചവച്ചിട്ട് കാര്യമില്ല എന്നാണ് മുൻക്രിക്കറ്റർമാർ പറയുന്നത്. ഇപ്പോൾ പാക് മുൻ താരം ഡാനിഷ് കനേറിയയാണ് ഇന്ത്യൻ ബോളിംഗിനെ സംബന്ധിച്ചുള്ള തന്റെ ആശങ്ക അറിയിച്ചിരിക്കുന്നത്.
“ഇന്ത്യയുടെ ബോളിങ് വളരെ ആശങ്കയുയർത്തുന്നുണ്ട്. ആവേഷ് ഖാൻ ഒരുപാട് റൺസ് വിട്ടുനൽകുന്നു. അർഷദീപും കഴിഞ്ഞ മത്സരത്തിലേതുപോലെ റൺസ് വിട്ടുനൽകിയാൽ ഭുവനേശ്വർ കുമാറിനു മാത്രമായി ഒന്നുംതന്നെ ചെയ്യാൻ സാധിക്കില്ല.”- കനേറിയ പറയുന്നു. ഇതോടൊപ്പം ഇന്ത്യൻ സ്പിൻ വിഭാഗത്തിലെ പ്രശ്നങ്ങളെക്കുറിച്ചും കനേറിയ സംസാരിക്കുകയുണ്ടായി.
“ഇന്ത്യൻ ബോളിംഗിൽ ചാഹലിന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. ചാഹലിന് ലെഗ് സ്പിൻ എറിയാൻ സാധിക്കുന്നില്ലെങ്കിൽ നമുക്ക് പകരമായി രവി ബിഷണോയെ ഉൾപ്പെടുത്തണം. അയാൾ നല്ല സ്പീഡിൽ ഇത്തരം പിച്ചുകളിൽ എറിയാറുണ്ട്. ബിഷണോയുടെ പ്രകടനം ഇന്ത്യയ്ക്ക് ഉപകാരപ്രദം തന്നെയാണ്.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം രണ്ടാം മത്സരത്തിൽ പാണ്ട്യയ്ക്ക് പകരം റിഷഭ് പന്തിനെ ഇറക്കിയതിനോടും കനേറിയ വിമർശനം പ്രകടിപ്പിക്കുകയുണ്ടായി. പാണ്ട്യയ്ക്ക് പകരമാണെങ്കിൽ ഇന്ത്യ പരീക്ഷിക്കേണ്ടത് ദീപക് ഹൂഡയെയായിരുന്നു എന്നാണ് കനേറിയ പറയുന്നത്. അങ്ങനെ ചെയ്യുകയാണെങ്കിൽ ബോളിഗിൽ ഇന്ത്യയ്ക്ക് മറ്റൊരു ഓപ്ഷൻ കൂടി ലഭിച്ചേനെ എന്ന് കനേറിയ പറഞ്ഞുവയ്ക്കുന്നു. സെപ്റ്റംബർ 4നാണ് ഇന്ത്യയുടെ അടുത്ത ഏഷ്യാകപ്പ് മത്സരം നടക്കുക.