ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ വാഷിംഗ്ടൺ സുന്ദറും യുസ്വെന്ദ്ര ചാഹലുമായിരുന്നു സ്പിന്നർമാരായി ടീമിൽ ഉണ്ടായിരുന്നത്. ഇതിൽ ചാഹൽ 10 ഓവറുകളിൽ 67 റൺസ് വിട്ടുനൽകി. ന്യൂസിലാൻഡ് നിരയിലെ വിക്കറ്റുകൾ കൊയ്യാൻ സാധിച്ചതുമില്ല. ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്കാവശ്യം വിക്കറ്റ് വേട്ടക്കാരായ സ്പിന്നർമാരെയാണ് എന്നാണ് ഇന്ത്യയുടെ മുൻ ബാറ്റർ ആകാശ് ചോപ്ര പറയുന്നത്. അതിനാൽതന്നെ ഏകദിനങ്ങളിൽ ഇന്ത്യ ചാഹലിനെയും കുൽദീപിനെയും ഒരുമിച്ചു കളിപ്പിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
“ഇന്ത്യ ഒരിക്കൽ കൂടി ചാഹലിനെയും കുൽദീപിനെയും ഒരുമിച്ച് കളിപ്പിക്കാൻ തയ്യാറാവണം. കാരണം നമുക്കാവശ്യം വിക്കറ്റ് വേട്ടക്കാരായ സ്പിന്നർമാരെയാണ്. ആദ്യ മത്സരം തന്നെ അതിന് ഉദാഹരണമാണ്. മത്സരത്തിൽ ഒരു വശത്ത് ചാഹൽ ഉണ്ടായിരുന്നു. പക്ഷേ ഇരുവശങ്ങളിലും വിക്കറ്റ് വേട്ടക്കാർ ഉണ്ടായിരുന്നെങ്കിൽ കഥ മാറിയേനെ.”- ആകാശ് ചോപ്ര പറയുന്നു.
“ഈഡൻ പാർക്കിലെ സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നത് സത്യമാണ്. പക്ഷേ 2023ലെ ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലാണ്. അവിടെ നമുക്ക് ടീമിൽ രണ്ട് സ്പിന്നർമാരെ വേണം. രണ്ട് സ്പിന്നർമാരും രണ്ടു മുൻനിര ഫാസ്റ്റ് ബോളർമാരും, പിന്നെ ഹർദിക് പാണ്ട്യയും മറ്റൊരു ഓൾറൗണ്ടറും ആ സമയത്ത് ടീമിലുണ്ടാവണം.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
“നമ്മൾ ഇരുവരെയും ഒരുമിച്ച് കളിപ്പിക്കുന്നതിനെ പറ്റി ചിന്തിച്ചേ പറ്റു. സുന്ദറോ ജഡേജയോ ടീമിൽ ഏഴാം നമ്പരിൽ കളിക്കണം. ശേഷം നമുക്ക് രണ്ടു സ്പിന്നർമാരും, രണ്ട് ഫാസ്റ്റ് ബോളർമാരും വേണം. 6 ബോളിംഗ് ഓപ്ഷനുമായി വേണം നമ്മൾ ലോകകപ്പിനിറങ്ങാൻ. ഈ കോമ്പിനേഷൻ നമ്മൾ ഇപ്പോഴേ പരിശോധിക്കണം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.