സൂപ്പർ പന്ത്രണ്ടിലെ ഇന്ത്യയുടെ ഏറ്റവും നിർണായകമായ മത്സരമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്നത്. മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യ സെമിഫൈനൽ ഏറെക്കുറെ ഉറപ്പാക്കും. എന്നാൽ വമ്പൻ സീം ബോളിംഗ് നിരയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പിൽ ഇന്ത്യ ഏതുതരം ബാറ്റിംഗ് രീതി പ്രയോഗിക്കും എന്നത് ചോദ്യമാണ്. മുൻപ് ഇന്ത്യ ബാറ്റിംഗിൽ പ്രയോഗിച്ചിരുന്ന ആക്രമണ രീതി ദക്ഷിണാഫ്രിക്കക്കെതിരെ വിജയമാവില്ല എന്നാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ പറഞ്ഞിരിക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരെ പവർപ്ലേ ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാർ തങ്ങളുടെ വിക്കറ്റ് സൂക്ഷിക്കണം എന്നാണ് രാജ്കുമാർ ശർമ്മയുടെ പക്ഷം. “ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യ തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. പവർപ്ലെ ഓവറുകളിൽ നമുക്ക് വിക്കറ്റ് നഷ്ടമുണ്ടാവില്ല എന്ന് നമ്മൾ ഉറപ്പുവരുത്തണം. ഓപ്പണർമാർ കുറച്ചധികം സൂക്ഷ്മതയോടെ ഇന്നിംഗ്സ് ആരംഭിക്കണം. നേരത്തെ ഇന്ത്യ തുടർന്നിരുന്ന സമീപനമാണ് ഇവിടെ വേണ്ടത്.”- രാജ്കുമാർ ശർമ പറയുന്നു.
ദക്ഷിണാഫ്രിക്കൻ പേസ് ബോളിംഗ് അറ്റാക്ക് ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് രാജകുമാര്‍ ശർമ്മ കരുതുന്നത്. “ഇന്ത്യ ഒരു ശക്തമായ ടീമാണെന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നന്നായി അറിയാം. എന്നാൽ മത്സരം പേർത്തിൽ നടക്കുന്നതിനാൽ തന്നെ അവർക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടാവും. അവിടെ ബോളർമാർക്ക് കൃത്യമായി ബൗൺസ് ലഭിക്കും. നിലവാരമുള്ള ഫാസ്റ്റ് ബോളർമാർ തന്നെയാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. അതിനാൽതന്നെ ദക്ഷിണാഫ്രിക്കൻ പേസർമാരെ ഇന്ത്യ സൂക്ഷിക്കണം.”- രാജ്കുമാർ ശർമ്മ കൂട്ടിച്ചേർക്കുന്നു.
ബംഗ്ലാദേശിനെതിരെ ഉഗ്രൻ പ്രകടനത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ അവർ ചുരുട്ടികെട്ടിയിരുന്നു. ഈ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കൻ പേസർ മാർക്ക് മുതൽക്കൂട്ടാവും.