ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായതോടെ ഇന്ത്യൻ നിരയിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ചർച്ചകൾ വർദ്ധിച്ചിട്ടുണ്ട്. പലരും ദ്രാവിഡ് എന്ന കോച്ചിനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ, ചിലർ രോഹിത്തിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്നു. എന്തായാലും അടുത്ത ലോകകപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ടീമിൽ കുറച്ചധികം മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നതുറപ്പാണ്. ഇന്ത്യ തങ്ങളുടെ ട്വന്റി 20 മെന്ററായി എ ബി ഡിവില്ലിയേഴ്‌സിനെപോലെ ഒരാളെ കണ്ടെത്തണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ അതുൽ വാസൻ പറയുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20യിലും ഒരേ കോച്ചിനെ തന്നെ ഇന്ത്യ ആശ്രയിക്കുന്നത് ഉത്തമമല്ല എന്നാണ് അതുൽ വാസന്റെ പക്ഷം. “ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി20യിലും ഒരേ കോച്ചിംഗ് സ്റ്റാഫിനെ തന്നെ നിയമിക്കുന്നത് ശരിയല്ല. ട്വന്റി20 ഫോർമാറ്റിനായി നമ്മൾ മികച്ചവരെ തന്നെ കണ്ടെത്തണം. ട്വന്റി20യിൽ മെന്ററായി ഇന്ത്യക്ക് ഡിവില്ലിയേഴ്‌സിനെ നിയോഗിച്ചുകൂടെ? അദ്ദേഹത്തിന് ടീമിനെ നന്നായി നയിക്കാൻ സാധിക്കും. ഇതോടൊപ്പം ഷോട്ട് മെയ്ക്കിങ്കിലും മറ്റും കളിക്കാർക്കിടയിൽ സ്വാധീനം ചെലുത്താനും സാധിക്കും.”- അതുൽ വാസൻ പറയുന്നു.
ഇതോടൊപ്പം എപ്പോഴും ട്വന്റി20ക്ക് ആവശ്യം പുതിയ ഇനമാണെന്നും അതുൽ വാസൻ പറയുന്നു. “ഈ മത്സരത്തിന് ആവശ്യം പുതുമയാണ്. 2007 ലോകകപ്പ് ടീമിൽ നമുക്ക് വലിയ താരങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരും ചെറുപ്പക്കാരായിരുന്നു. അവർ വളരെ ഫ്രീയായി കളിക്കുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നമ്മൾ വലിയ കളിക്കാരെ ഒരുപാട് ആശ്രയിച്ചിരിക്കുന്നു. ഇതോടൊപ്പം ഐപിഎൽ ലോകകപ്പിൽ വിജയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു.”- അതുൽ വാസൻ കൂട്ടിച്ചേർക്കുന്നു.
2021ലായിരുന്നു ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്‌സ് എല്ലാത്തരം ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ശേഷം ഒരു ടീമിന്റെയും കോച്ചായി ഡിവില്ലിയേഴ്‌സ് ചുമതലയെറ്റിട്ടില്ല. ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫായി ഡിവില്ലിയേഴ്‌സ് എത്തിയാൽ ടീമിന് മികവുണ്ടാവും എന്നത് ഉറപ്പാണ്.